ലോസ് ആഞ്ജലീസ്: യുഎസില്‍ വാളുമായി റോഡിലിറങ്ങി അഭ്യാസം കാണിച്ച സിഖ് വംശജനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഗുര്‍പ്രീത് സിങ് എന്ന 36-കാരനെയാണ് പോലീസ് വധിച്ചത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയ്യാറായില്ലെന്നും തുടര്‍ന്ന് പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് വെടിയുതിര്‍ത്തതെന്നും ലോസ് ആഞ്ജലീസ് പോലീസ് പറഞ്ഞു.
ജൂലായ് 13-നായിരുന്നു സംഭവം. തിരക്കേറിയ തെരുവില്‍ റോഡിലിറങ്ങി ഒരാള്‍ വാള്‍വീശുന്നതായ വിവരം ലഭിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. വാഹനം നടുറോഡിലിട്ടാണ് ഇയാള്‍ പുറത്തിറങ്ങി ആയുധവുമായി അഭ്യാസപ്രകടനം കാട്ടിയത്. ഒരുഘട്ടത്തില്‍ ആയുധം ഉപയോഗിച്ച് സ്വന്തം നാവ് മുറിക്കാനും ഇയാള്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു.
ആയുധം താഴെയിടാനും കീഴടങ്ങാനും പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളോട് പലതവണ ആവശ്യപ്പെട്ടു. പക്ഷേ, ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ അടുത്തേക്ക് നീങ്ങി. പോലീസിനെ കണ്ടതോടെ ഇയാള്‍ കുപ്പിയെറിയുകയും വാഹനത്തില്‍ കയറി രക്ഷപ്പെടാനും ശ്രമിച്ചു. രക്ഷപ്പെടുന്നതിനിടെ ഗുര്‍പ്രീത് സിങ്ങിന്റെ വാഹനം ഒരു പോലീസ് വാഹനവുമായി കൂട്ടിയിടിച്ചു. ഇതോടെ വാഹനം നിര്‍ത്തിയ ഗുര്‍പ്രീത് സിങ് വാളുമായി പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്നാണ് പോലീസ് വെടിയുതിര്‍ത്തതെന്നും ലോസ് ആഞ്ജലീസ് പോലീസ് വ്യക്തമാക്കി.
വെടിയേറ്റ ഗുര്‍പ്രീത് സിങ്ങിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ മറ്റു സാധാരണക്കാര്‍ക്കോ പോലീസ് ഉദ്യോഗസ്ഥര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നും പോലീസ് അറിയിച്ചു.
സിഖ് വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ‘ഖണ്ഡ’ എന്ന് വിളിക്കുന്ന ഇരുതല മൂര്‍ച്ചയുള്ള വാളാണ് ഗുര്‍പ്രീതിന്റെ കൈയിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ആയോധനകലകളില്‍ ഉപയോഗിക്കുന്ന ആയുധമാണിത്. സിഖുകാരുടെ പരമ്പരാഗത ആയോധനകലയായ ഖട്ക രീതിയിലുള്ള അഭ്യാസപ്രകടനമാണ് ഗുര്‍പ്രീത് സിങ് റോഡിലിറങ്ങി നടത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതിനിടെ, ഗുര്‍പ്രീത് സിങ് വാള്‍വീശുന്നതിന്റെയും ഇയാളെ പിന്തുടരുന്നതിന്റെയും തുടര്‍ന്ന് പോലീസ് വെടിയുതിര്‍ക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Sikh man shot dead by police in US while practicing with sword on road