എല്ലാത്തിനും കാരണം ട്രംപ്! കടുത്ത സാമ്പത്തിക പ്രതിസന്ധയിലെന്ന് സ്റ്റാൻഫോർഡ് സർവകലാശാല, 363 ജീവനക്കാരെ പിരിച്ചുവിട്ടു

എല്ലാത്തിനും കാരണം ട്രംപ്! കടുത്ത സാമ്പത്തിക പ്രതിസന്ധയിലെന്ന് സ്റ്റാൻഫോർഡ് സർവകലാശാല, 363 ജീവനക്കാരെ പിരിച്ചുവിട്ടു

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം കൊണ്ടുവന്ന ഫെഡറൽ നയങ്ങളിലെ മാറ്റങ്ങൾ കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സ്റ്റാൻഫോർഡ് സർവകലാശാല. ഈ കാരണം പറഞ്ഞ് 363 ജീവനക്കാരെ പിരിച്ചുവിട്ടു. ക്യാമ്പസ് പ്രതിഷേധങ്ങൾ, സാമൂഹിക വിഷയങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന ഫണ്ട് വെട്ടിക്കുറയ്ക്കാൻ വൈറ്റ് ഹൗസ് തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സർവകലാശാല വൃത്തങ്ങൾ അറിയിച്ചു.

ക്യാമ്പസുകളിൽ സെമിറ്റിക് വിരുദ്ധത വളർത്തുന്നെന്നും ട്രാൻസ്ജെൻഡർ അവകാശങ്ങളെയും വൈവിധ്യ സംരംഭങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും പലസ്തീൻ അനുകൂല പ്രകടനങ്ങൾ അനുവദിക്കുന്നുവെന്നും ആരോപിച്ച് ചില സർവകലാശാലകൾക്ക് നൽകിവന്ന ഫണ്ടുകൾ പിൻവലിക്കുമെന്ന് ഫെഡറൽ സർക്കാർ ഭീഷണി മുഴക്കിയിരുന്നു. ഇതാണ് ഇപ്പോൾ സർവകലാശാലകളും സർക്കാരും തമ്മിലുള്ള തർക്കത്തിന് പ്രധാന കാരണം.

സ്റ്റാൻഫോർഡ് സർവകലാശാല ചെലവ് ചുരുക്കൽ നടപടികളിലാണ്. കഴിഞ്ഞ ആഴ്ചകളിൽ നിരവധി സ്കൂളുകളും യൂണിറ്റുകളും ജീവനക്കാരുടെ എണ്ണം കുറച്ചു. മൊത്തത്തിൽ 363 പേരെ പിരിച്ചുവിട്ടുവെന്ന് സർവകലാശാല വക്താവ് ഇമെയിൽ പ്രസ്താവനയിൽ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സ്റ്റാൻഫോർഡ് നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. ജൂണിൽ, അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പൊതു ഫണ്ടിൽ നിന്ന് 140 മില്യൺ ഡോളർ വെട്ടിക്കുറച്ചിരുന്നു. ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്ന ഫെഡറൽ നയങ്ങളിലെ മാറ്റങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.

Share Email
LATEST
More Articles
Top