തിരുവനന്തപുരം : സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സീറോ മലബാർ സഭ. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനകൾ നിരുത്തരവാദപരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്നും സഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഛത്തീസ്ഗഡ് കന്യാസ്ത്രീകളുടെ വിഷയത്തിൽ സഭയെ സഹായിച്ചവർക്ക് ആർച്ച് ബിഷപ്പ് നന്ദി പറഞ്ഞത് ഒരു തെറ്റായ പ്രസ്താവനയായി വ്യാഖ്യാനിച്ച് അദ്ദേഹത്തെ പൊതുസമൂഹത്തിന് മുന്നിൽ ആക്രമിക്കുകയാണെന്നും സഭ ആരോപിക്കുന്നു. ആർച്ച് ബിഷപ്പിന്റെ പ്രസ്താവന സഭയുടെ പൊതു നിലപാടാണ്. ഒരു രാഷ്ട്രീയ പാർട്ടിയോടും സഭയ്ക്ക് പ്രത്യേക മമതയില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സഭയുടെ രാഷ്ട്രീയം ഓരോ വിഷയത്തോടുമുള്ള സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സീറോ മലബാർ സഭ കൂട്ടിച്ചേർത്തു.