ജമ്മു-കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന ഭീകരരുടെ ഒളിത്താവളം ബോംബിട്ട് തകർത്തു. കിഷ്ത്വാറിലെ വനമേലയിൽ ഉണ്ടായിരുന്ന ഒരു ഗുഹയിലാണ് ആക്രമണം നടന്നത്. ഞായറാഴ്ച ഭീകരർ ഇവിടെ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരം സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
തിരച്ചിലിനിടെ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. തിങ്കളാഴ്ച രാവിലെ, ഭീകരർ ഒളിവിൽ കഴിയാൻ ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്ന പർവതപ്രദേശത്തെ ഗുഹ സുരക്ഷാസേന കണ്ടെത്തി. ഗുഹയ്ക്കുള്ളിൽ ഭീകരർ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ലെങ്കിലും സുരക്ഷിതത്വത്തിന്റെ ഭാഗമായി അത് തകർത്തു.
പാകിസ്താനിൽ പരിശീലനം നേടിയ ഭീകരർ സജീവമായിരുന്ന ഏഴ് ജില്ലകളിലൊന്നാണ് കിഷ്ത്വാർ. 2021 വരെ ഇവിടെ ഭീകരരുടെ സാന്നിധ്യം ഇല്ലാതെയായിരുന്നെങ്കിലും അടുത്തിടെ നടന്ന പ്രധാനപ്പെട്ട ഏറ്റുമുട്ടലുകളിൽ ചിലത് ഇവിടെയായിരുന്നു. ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം ഭീകരർക്ക് ഒളിവിൽ കഴിയാൻ സൗകര്യമുള്ള പർവതപ്രദേശങ്ങൾ സുരക്ഷാസേനയ്ക്ക് വെല്ലുവിളിയാണ്. ഇവിടുനിന്ന് ഭീകരരെ പുറത്താക്കാനുള്ള നടപടികൾ തുടരുകയാണ്.
അതേസമയം, കുല്‍ഗാമിലെ അഖാൽ വനമേഖലയിലും സമാനമായ ഭീകരവിരുദ്ധ ഓപ്പറേഷൻ നടക്കുന്നു. കഴിഞ്ഞ 11 ദിവസമായി ഇവിടെ സൈന്യം നടത്തുന്ന നടപടികളിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിട്ടുണ്ട്. നിബിഡമായ വനങ്ങൾ, പ്രകൃതിദത്ത ഗുഹകൾ, ദുര്‍ഘടമായ ഭൂപ്രകൃതി എന്നിവ ഭീകരർ പ്രയോജനപ്പെടുത്തുന്ന സാഹചര്യത്തിലാണ് സുരക്ഷാസേനയുടെ പ്രവർത്തനം. ഇവിടെ ഭീകരരുമായുള്ള ഏറ്റുമുട്ടലുകൾ ഇടയ്ക്കിടെ തുടരുകയാണ്.
Terrorists’ hideout in Kishtwar blown up by security forces; operation continues in Akhal forest area