തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്തോങ്താൻ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്തോങ്താൻ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി

ബാംങ്കോക്ക്: കംബോഡിയൻ മുൻ ഭരണാധികാരിയുമായുള്ള ഫോൺ സംഭാഷണത്തിലെ വിവാദ പരാമർശങ്ങളെ തുടർന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്തോങ്താൻ ഷിനവത്രയെ ഭരണഘടനാ കോടതി പദവിയിൽ നിന്ന് പുറത്താക്കി. ധാർമിക പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മൂന്നിനെതിരെ ആറ് വോട്ടുകൾക്കാണ് കോടതി വിധി പുറപ്പെടുവിച്ചത്. 2024 ഓഗസ്റ്റിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റ പെയ്തോങ്താൻ, ഒരു വർഷം മാത്രം പദവിയിൽ ഇരുന്ന ശേഷമാണ് പുറത്താക്കപ്പെട്ടത്.

ജൂൺ 15-ന് മുൻ കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെന്നുമായി നടത്തിയ ഫോൺ സംഭാഷണമാണ് വിവാദത്തിന് കാരണമായത്. പെയ്തോങ്താൻ, ഹുൻ സെന്നിനെ ‘അങ്കിൾ’ എന്ന് വിളിക്കുകയും, ഒരു കംബോഡിയൻ സൈനികന്റെ മരണത്തിനിടയാക്കിയ അതിർത്തി സംഘർഷത്തിൽ സ്വന്തം സൈന്യത്തിന്റെ നടപടികളെ വിമർശിക്കുകയും ചെയ്തു. “ഹുൻ സെന്നിന് എന്തെങ്കിലും വേണമെങ്കിൽ, എന്നോട് പറഞ്ഞാൽ മതി, ഞാൻ അത് നോക്കിക്കോളാം” എന്ന പരാമർശവും സംഭാഷണത്തിൽ ഉണ്ടായിരുന്നു. പുറത്തുവന്ന ഈ ഓഡിയോ രേഖകൾ ഇരു നേതാക്കളും സ്ഥിരീകരിച്ചു.

ഈ പരാമർശങ്ങൾ തായ്‌ലൻഡിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി, പ്രത്യേകിച്ച് കംബോഡിയയുമായുള്ള അതിർത്തി തർക്കം ദേശീയ വികാരം ആളിക്കത്തിച്ച സാഹചര്യത്തിൽ. പെയ്തോങ്താൻ രാജ്യ താൽപ്പര്യങ്ങൾ വിട്ടുവീഴ്ച ചെയ്തുവെന്ന് എതിരാളികൾ ആരോപിച്ചു. ശക്തമായ രാഷ്ട്രീയ വേരോട്ടമുള്ള ഷിനവത്ര കുടുംബാംഗമായ പെയ്തോങ്താന്റെ പുറത്താക്കൽ, തായ്‌ലൻഡിന്റെ രാഷ്ട്രീയ രംഗത്ത് വലിയ ചലനങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ

Share Email
Top