ന്യൂഡൽഹി: 3 മാസം തടവിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള ബില്ലുകളുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി സമിതിയുമായി (ജെപിസി) സഹകരിക്കുന്നതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത. തൃണമൂൽ കോൺഗ്രസി്ന് ആണ് എതിർപ്പ്. ജെ.പി.സി.യിൽ ചേരുന്നതിനെച്ചൊല്ലി ഇന്ത്യാ സഖ്യത്തിലെ മറ്റ് പാർട്ടികളെ തൃണമൂൽ കോൺഗ്രസ് വിമർശിച്ചതായാണ് വിവരം. ബില്ലിനെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച സമിതിയുമായി സഹകരിക്കുന്നത് സർക്കാരിന്റെ അജണ്ടയ്ക്ക് അംഗീകാരം നൽകുന്നതിന് തുല്യമാണെന്ന് ടി.എം.സി. അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവ് അമിത് ഷായുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ജെ.പി.സി. രൂപീകരിക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാൽ, ഇത് ശരിയായ സമീപനമല്ലെന്ന് ടി.എം.സി. വ്യക്തമാക്കി. സർക്കാർ ബില്ല് പാസാക്കാൻ ശ്രമിക്കുമ്പോൾ, അതിനെ എതിർക്കേണ്ടത് പ്രതിപക്ഷത്തിൻ്റെ കടമയാണെന്നും, അത്തരമൊരു സാഹചര്യത്തിൽ ജെ.പി.സി.യുമായി സഹകരിക്കുന്നത് ബില്ലിന് നിയമസാധുത നൽകുന്നതിന് തുല്യമാകുമെന്നും ടി.എം.സി. വിശദീകരിക്കുന്നു. എന്നാൽ വിഷയത്തിൽ പ്രതിപക്ഷ ഐക്യം ഇല്ലാതാവുന്നത് എൻ.ഡി.എ സർക്കാരിന് ബില്ല് പാസാക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കിൽ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ 30 ദിവസത്തേക്ക് ജയിലിൽ കഴിയുകയാണെങ്കിൽ അവർക്ക് പദവി നഷ്ടമാകുന്നതാണ് പുതിയ ബില്ല്. കുറ്റകൃത്യത്തിൻ്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട് തുടർച്ചയായി 30 ദിവസത്തേക്ക് കസ്റ്റഡിയിൽ കഴിയുകയാണെങ്കിൽ, 31-ാം ദിവസം അവർക്ക് അവരുടെ പദവി നഷ്ടപ്പെടും. നിയമം നിലവിൽ വന്നാൽ, കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതിനു മുൻപേ തന്നെ പദവി നഷ്ടമാകും. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച്, ഒരു എം.പി.യോ എം.എൽ.എ.യോ രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അവരുടെ പദവി നഷ്ടമാകൂ.