മയാമി: ഫ്ലോറിഡ ടേൺപൈക്കിൽ അനധികൃത കുടിയേറ്റക്കാരനായ ഇന്ത്യൻ ഡ്രൈവർ ഓടിച്ച ട്രക്ക് അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. അപകടസമയത്തെ ട്രക്കിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ ഡ്രൈവർ അപകടകരമായ രീതിയിൽ യു-ടേൺ എടുക്കാൻ ശ്രമിക്കുന്നത് കാണിക്കുന്നുണ്ട്. ഇയാളെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്തു.
ഇന്ത്യൻ സ്വദേശിയായ ഹർജീന്ദർ സിംഗ് എന്ന ഡ്രൈവർക്കെതിരെ മൂന്ന് നരഹത്യാക്കുറ്റങ്ങൾ ചുമത്തി. ഓഗസ്റ്റ് 12-ന് സെന്റ് ലൂസി കൗണ്ടിയിലാണ് അപകടം നടന്നത്. ഹർജീന്ദർ സിംഗ് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന ഒരു വഴിയിലൂടെ യു-ടേൺ എടുക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആൻഡ് മോട്ടോർ വെഹിക്കിൾസ് വ്യക്തമാക്കി.
ട്രക്ക് റോഡിന് കുറുകെ നിന്നതിനാൽ പിന്നാലെ വന്ന മിനിവാൻ ട്രക്കിലിടിച്ച് അതിലുണ്ടായിരുന്ന യാത്രക്കാർക്ക് തൽക്ഷണം മരണം സംഭവിച്ചു. അപകടസ്ഥലത്തെ ചിത്രങ്ങളിൽ, വാഹനം പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. മേൽക്കൂര തകർന്നുപോയ വാഹനത്തി്‍റെ അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടന്നു. രക്ഷാപ്രവർത്തകർ ഹൈഡ്രോളിക് ലിഫ്റ്റുകൾ ഉപയോഗിച്ച് ട്രെയിലർ ഉയർത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. അപകടസമയത്ത് 28 വയസ്സുള്ള ഹർജീന്ദർ സിംഗ് യാതൊരു ഭാവവ്യത്യാസവുമില്ലാതെ സമീപത്ത് നിൽക്കുകയായിരുന്നു.
മിനിവാൻ ഡ്രൈവറായ ഫ്ലോറിഡ സിറ്റി സ്വദേശിയായ 30-കാരനെ എച്ച്സിഎ ഫ്ലോറിഡ ലോൺവുഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന പോംപാനോ ബീച്ച് സ്വദേശിയായ 37-കാരിയായ സ്ത്രീയും, മയാമി സ്വദേശിയായ 54-കാരനായ പുരുഷനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹർജീന്ദർ സിംഗ് 2012-ലാണ് അനധികൃതമായി യുഎസിൽ പ്രവേശിച്ചത്.