വാഷിങ്ടണ്‍: ആറുമാസത്തിനകം ആറു യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസിനെ നശിപ്പിക്കുക എന്നതാണ് ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ നാട്ടിലേക്ക് തിരികെക്കൊണ്ടുവരാനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ്, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ട്രംപിന്റെ പ്രതികരണം.
ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ശേഷിക്കുന്ന ബന്ദികളുടെ തിരിച്ചുവരവ് നമുക്ക് കാണാനാവൂ എന്ന് അദ്ദേഹം കുറിച്ചു. ‘അത് എത്ര വേഗത്തില്‍ നടക്കുന്നുവോ അത്രയും വിജയസാധ്യത കൂടും. ഓര്‍ക്കുക, ചര്‍ച്ചകള്‍ നടത്തി നൂറുകണക്കിന് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലിലേക്കും (അമേരിക്കയിലേക്കും) വിട്ടയച്ചത് ഞാനാണ്. വെറും ആറുമാസത്തിനുള്ളില്‍ ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് ഞാനാണ്’, ട്രംപ് അവകാശപ്പെട്ടു.
‘ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇല്ലാതാക്കിയതും ഞാനാണ്. കളിക്കുന്നുവെങ്കില്‍ ജയിക്കാന്‍വേണ്ടി കളിക്കുക, അല്ലെങ്കില്‍ കളിക്കാതിരിക്കുക. ഈ വിഷയത്തില്‍ നിങ്ങള്‍ നല്‍കിയ ശ്രദ്ധയ്ക്ക് നന്ദി’, 12 ദിവസം നീണ്ട ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ പരാമര്‍ശിച്ച് അദ്ദേഹം കുറിച്ചു.
മേയില്‍ ഇന്ത്യ-പാക് സംഘര്‍ഷത്തിന് അറുതി വരുത്തിയെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു. 27 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ താന്‍ ഇടപെട്ടാണ് നിര്‍ത്തിയതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇതോടെയാണ് യുദ്ധത്തിന്റെ അന്തകനെന്ന് കൂടുതല്‍ വേദികളില്‍ സ്വയം അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയത്. ഇന്ത്യ ഇത് പലവട്ടം നിഷേധിച്ചെങ്കിലും ട്രംപ് അവകാശവാദം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതേസമയം, പാകിസ്താന്‍ ഈ അവകാശവാദത്തെ അംഗീകരിക്കുകയും ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് നിലപാടെടുക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പിന്തുണയും ട്രംപിനുണ്ട്.
പിന്നാലെ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് ആക്രമണത്തിന് ഉത്തരവിട്ടുകൊണ്ട് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിലും ട്രംപ് ഇടപെട്ടു. പിന്നാലെ ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. അടുത്തിടെ അര്‍മേനിയ-അസര്‍ബൈജാന്‍ സമാധാന ഉടമ്പടിക്ക് ട്രംപ് മധ്യസ്ഥത വഹിച്ചിരുന്നു. തായ്‌ലാന്‍ഡ്-കംബോഡിയ വെടിനിര്‍ത്തല്‍ കരാറിനായി സമ്മര്‍ദം ചെലുത്തിയതും സെര്‍ബിയ-കൊസോവോ, ഈജിപ്ത്-എത്യോപ്യ, റുവാണ്ട-മോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങൾ ലഘൂകരിച്ചതും താനാണെന്നാണ് ട്രംപിന്റെ അവകാശവാദം.
Trump claims to have ended six wars in six months