വാഷിങ്ടണ്‍: സാമൂഹികമാധ്യമമായ എക്‌സില്‍ കഴിഞ്ഞ കുറച്ചുദിവസമായി ട്രെന്‍ഡിങ്ങിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, പതിവില്‍നിന്ന് വ്യത്യസ്തമായി ഇക്കുറി തന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങളോ തീരുവകളുമായി ബന്ധപ്പെട്ട പ്രസ്താവനകളോ അല്ല ട്രംപിനെ ട്രെന്‍ഡിങ്ങിലാക്കിയത്. പകരം അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ്.
ട്രംപിന്റെ ആരോഗ്യനില മോശമാണെന്ന വിധത്തില്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ‘ട്രംപ് ഈസ് ഡെഡ്’ എന്ന പ്രയോഗത്തോടെയുള്ള ട്വീറ്റുകള്‍ വലിയതോതിലാണ് പ്രചരിക്കുന്നത്. മീമുകളായും ട്രോളുകളായുമാണ് ഇത്തരം പ്രതികരണങ്ങൾ.
കൈപ്പത്തിയുടെ പുറത്ത് ചതവിന്റേതിന് സമാനമായ പാടുള്ള ട്രംപിന്റെ ഫോട്ടോ പുറത്തെത്തിത് കഴിഞ്ഞദിവസമാണ്. ഇത് ചൂണ്ടിക്കാണിച്ച് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് പലരും ആശങ്ക പങ്കുവെച്ചിരുന്നു. പിന്നാലെ ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ പ്രതികരണം പുറത്തുവന്നു. ട്രംപ് ആരോഗ്യവാനാണെന്നും എന്നാൽ, ഒരു അതിദാരുണ ദുരന്തമുണ്ടാകുന്നപക്ഷം ചുമതലയേറ്റെടുക്കാന്‍ താൻ തയ്യാറാണെന്നും വാൻസ് പറഞ്ഞിരുന്നു. യുഎസ്എ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വാന്‍സിന്റെ പ്രതികരണം.
ഇതിന് പിന്നാലെയാണ് ‘ട്രംപ് ഈസ് ഡെഡ്’ എന്ന പ്രയോഗവുമായി കുറിപ്പുകള്‍ എക്‌സില്‍ വലിയതോതില്‍ പ്രചരിക്കുന്നത്. ഈയടുത്ത് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ട്രംപ് നേരിട്ടിരുന്നു. അദ്ദേഹത്തിന് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സിയുണ്ടായതായി ജൂലൈമാസത്തില്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമത് മത്സരിച്ച വേളയില്‍ രണ്ട് വധശ്രമങ്ങളെ ട്രംപ് അതിജീവിച്ചിരുന്നു. 2023-ല്‍ ട്രംപ് മരിച്ചതായി എക്‌സില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മകന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരമൊരു സന്ദേശം പ്രത്യക്ഷപ്പെട്ടത്.
‘Trump is dead’: Trump is trending again on social media