വാഷിംഗ്ടൺ: റഷ്യയുമായി സമാധാന കരാറിലെത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌ക് പ്രദേശം തങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടതായും, ഇത് അംഗീകരിക്കുന്നതാണ് യുക്രെയ്‌ന് നല്ലതെന്നും ട്രംപ് സെലെൻസ്കിയെ അറിയിച്ചു.
അലാസ്കയിൽ വച്ച് പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് സെലെൻസ്കിയെ ഫോണിൽ വിളിച്ചത്. ഒരു മണിക്കൂറോളം നീണ്ട സംഭാഷണത്തിൽ, യുക്രെയ്‌നിന്റെ 20 ശതമാനം ഭൂമി റഷ്യയുടെ നിയന്ത്രണത്തിലാണെന്നും ഇത് നിലനിർത്താൻ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു പകരം സമാധാന ചർച്ചകളിലേക്ക് നീങ്ങണമെന്ന് അദ്ദേഹം സെലെൻസ്കിയോട് ആവശ്യപ്പെട്ടു.
സെലെൻസ്കി ആവശ്യം തള്ളി
റഷ്യയുടെ ആവശ്യം യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി തള്ളിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു പ്രദേശവും റഷ്യയ്ക്ക് വിട്ടുനൽകില്ലെന്ന് യുക്രെയ്ൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ നിർദേശം റഷ്യയെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന ആശങ്കയും യുക്രെയ്ൻ പങ്കുവെക്കുന്നു. ട്രംപിന്റെ മുൻ നിലപാടുകളും യൂറോപ്യൻ രാജ്യങ്ങളിൽ സമാനമായ ആശങ്ക സൃഷ്ടിച്ചിരുന്നു.