യുക്രൈന്‍ യുദ്ധം അവസാനിക്കുമോ?ഓഗസ്റ്റ് 15ന് അലാസ്‌കയില്‍ ട്രംപ് – പുടിൻ കൂടിക്കാഴ്ച

യുക്രൈന്‍ യുദ്ധം അവസാനിക്കുമോ?ഓഗസ്റ്റ് 15ന് അലാസ്‌കയില്‍ ട്രംപ് – പുടിൻ കൂടിക്കാഴ്ച

വാഷിങ്ടണ്‍: യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തും. യുഎസിന്റെ ഭാഗമായ അലാസ്‌കയില്‍ വെച്ച് ഓഗസ്റ്റ് 15-നാകും കൂടിക്കാഴ്ച നടത്തുകയെന്നാണ് വിവരം. യുദ്ധം അവസാനിപ്പിക്കാനായി റഷ്യയും യുക്രൈനും തമ്മില്‍ കരാര്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തുക.

2021-ന് ശേഷം ആദ്യമായാണ് യു.എസ്, റഷ്യന്‍ പ്രസിഡന്റുമാര്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. അലാസ്‌കയിലെ ചര്‍ച്ചയ്ക്ക് ശേഷം തുടര്‍ചര്‍ച്ചകള്‍ക്കായി ട്രംപിനെ റഷ്യയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

കൂടിക്കാഴ്ചയെ വളരെ പ്രത്യാശയോടെയാണ് കാണുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ട്രൂത്തി’ല്‍ കുറിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും കൈവശമുള്ള സ്ഥലങ്ങള്‍ പരസ്പരം കൈമാറുമെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്.

കൂടിക്കാഴ്ചയുണ്ടാകുമെന്ന് റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു രാഷ്ട്രത്തലവന്മാരും യുക്രൈന്‍ പ്രശ്‌നത്തില്‍ സമാധാനപരമായ ഒരു ദീര്‍ഘകാല പരിഹാരത്തിലെത്താന്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റഷ്യന്‍ വക്താവ് യുറി ഉഷകോവ് വ്യക്തമാക്കിയത്. അതേസമയം, കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പുതിന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി സംസാരിച്ചു. ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി പുതിന്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്കുവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍

Trump-Putin meeting in Alaska on August 15

Share Email
LATEST
Top