ഷീയുടെ ഉറപ്പ് കിട്ടിയെന്ന് ട്രംപ്! ‘അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്ത് താനുള്ളപ്പോൾ ചൈന അത് ചെയ്യില്ല’; ചർച്ചകൾ നടന്നു

ഷീയുടെ ഉറപ്പ് കിട്ടിയെന്ന് ട്രംപ്! ‘അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്ത് താനുള്ളപ്പോൾ ചൈന അത് ചെയ്യില്ല’; ചർച്ചകൾ നടന്നു

വാഷിംഗ്ടൺ: താൻ പ്രസിഡൻ്റായിരിക്കുമ്പോൾ തായ്‌വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉറപ്പുനൽകിയതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. “ചൈനീസ് പ്രസിഡന്റ് ഷിക്ക് തായ്‌വാനുമായി സമാനമായ പ്രശ്നമുണ്ട്. എന്നാൽ ഞാൻ അധികാരത്തിലിരിക്കുമ്പോൾ അത് സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല. നമുക്ക് നോക്കാം,” ട്രംപ് ഫോക്സ് ന്യൂസ് ചാനലിൻ്റെ “സ്പെഷ്യൽ റിപ്പോർട്ട്” എന്ന പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.

നിങ്ങൾ പ്രസിഡൻ്റായിരിക്കുന്ന കാലത്തോളം താൻ അത് ചെയ്യില്ലെന്ന് പ്രസിഡൻ്റ് ഷി തന്നോട് പറഞ്ഞുവെന്ന് ട്രംപ് പറയുന്നു. അദ്ദേഹം വളരെ ക്ഷമയുള്ളയാളാണെന്നും ചൈനയും വളരെ ക്ഷമയോടെയാണ് കാത്തിരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിൻ്റെ രണ്ടാം പ്രസിഡൻഷ്യൽ കാലാവധിയിൽ ജൂണിലാണ് ട്രംപും ഷിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടന്നത്. ഏപ്രിലിൽ ഷി തനിക്ക് ഫോൺ ചെയ്തിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.

തായ്‌വാൻ തങ്ങളുടെ സ്വന്തം ഭൂമിയാണെന്നാണ് ചൈനയുടെ നിലപാട്. ആവശ്യമാണെങ്കിൽ ബലപ്രയോഗത്തിലൂടെ പോലും ജനാധിപത്യപരമായ ഭരണം നിലനിൽക്കുന്ന ഈ ദ്വീപിനെ തിരികെ പിടിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയുടെ പരമാധികാര വാദങ്ങളെ തായ്‌വാൻ ശക്തമായി എതിർക്കുന്നു. തായ്‌വാൻ വിഷയം ചൈന-യുഎസ് ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സെൻസിറ്റീവായതുമായ വിഷയമാണ് എന്നാണ് വാഷിംഗ്ടണിലെ ചൈനീസ് എംബസി വെള്ളിയാഴ്ച വിശേഷിപ്പിച്ചത്.

Share Email
Top