വാഷിംഗ്ടൺ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്താനുള്ള യുഎസ് തീരുമാനം സാമ്പത്തിക പരിഗണനകൾ മുൻനിർത്തിയുള്ളതല്ലെന്നും, മറിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘വ്യക്തിപരമായ വൈരാഗ്യം’ മൂലമാണെന്നും പ്രമുഖ യു എസ് സാമ്പത്തിക സേവന സ്ഥാപനമായ ജെഫറീസ് പുറത്തിറക്കിയ റിപ്പോർട്ട്. കാശ്മീർ വിഷയത്തിൽ പാകിസ്ഥാനുമായുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ട്രംപിന്റെ ആഗ്രഹം ഇന്ത്യ നിരസിച്ചതാണ് ഈ താരിഫിന് നേരിട്ടുള്ള കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
കാശ്മീർ വിഷയത്തിൽ ഒരു സമാധാന ദൂതനായി പ്രവർത്തിച്ച് നൊബേൽ സമ്മാനം നേടാനുള്ള സാധ്യത ട്രംപ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, കാശ്മീർ ഒരു ഉഭയകക്ഷി വിഷയമാണെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ അനുവദിക്കില്ലെന്നും ഇന്ത്യ തുടക്കം മുതൽ തന്നെ വ്യക്തമാക്കിയതാണ്. ഈ നിലപാട് ഇന്ത്യക്ക് വലിയ സാമ്പത്തിക നഷ്ടങ്ങൾ വരുത്തിയേക്കാമെങ്കിലും, അത് ട്രംപിന്റെ ഈഗോയ്ക്ക് ക്ഷതമേൽപ്പിക്കുകയും കടുത്ത താരിഫ് ചുമത്തുന്നതിലേക്ക് നയിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റ് 27-ന് പ്രാബല്യത്തിൽ വന്ന ഈ താരിഫ്, ഒരു യു.എസ്. വ്യാപാര പങ്കാളിക്ക് മേൽ ചുമത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ്. ദീർഘകാലമായി ഇരു രാജ്യങ്ങളും തമ്മിൽ വികസിച്ചുവരുന്ന തന്ത്രപരമായ പങ്കാളിത്തത്തിന് ഇത് ഒരു വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. യു.എസ്. സർക്കാർ ഈ താരിഫിന് കാരണമായി ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നു എന്ന് ചൂണ്ടിക്കാണിക്കുമ്പോഴും, ഇത് നയതന്ത്രപരമായ നിരാശയിൽ നിന്ന് ഉണ്ടായ തീരുമാനത്തിനുള്ള ഒരു ഒഴികഴിവ് മാത്രമാണെന്ന് ജെഫറീസിന്റെ വിശകലനം പറയുന്നു.