ട്രംപിന്‍റെ പ്രധാന വാഗ്ദാനം തന്നെ പാളി? എന്തു ചെയ്യണമെന്നറിയാതെ അനുഭവിച്ച് യുഎസ് ജനത, വില കുതിക്കുന്നു

ട്രംപിന്‍റെ പ്രധാന വാഗ്ദാനം തന്നെ പാളി? എന്തു ചെയ്യണമെന്നറിയാതെ അനുഭവിച്ച് യുഎസ് ജനത, വില കുതിക്കുന്നു

ഡോണാൾഡ് ട്രംപിന്റെ 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വാഗ്ദാനം, അമേരിക്കൻ കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വില നിലനിർത്തുമെന്നും പണപ്പെരുപ്പം നിയന്ത്രിക്കുമെന്നുമായിരുന്നു. “ഞാൻ വിജയിച്ചാൽ, അധികാരമേറ്റ ആദ്യ ദിവസം മുതൽ ഞാൻ വില കുറയ്ക്കും,” എന്ന് 2024 ഓഗസ്റ്റിലെ ഒരു റാലിയിൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ‘അമേരിക്കയെ വീണ്ടും താങ്ങാനാവുന്നതാക്കും’ എന്ന മുദ്രാവാക്യം ട്രംപിന്റെ പ്രചാരണത്തിന്റെ നെടുംതൂണായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ നയങ്ങൾ അമേരിക്കയെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ട്രംപ് രണ്ടാമതും പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം പലചരക്ക് സാധനങ്ങൾ, വൈദ്യുതി തുടങ്ങിയ പ്രധാന ഗാർഹിക ചെലവുകൾ വലിയ തോതിൽ വർധിച്ചതായി സാമ്പത്തിക വിദഗ്ധരുടെ വിശകലനങ്ങളും ഔദ്യോഗിക വിവരങ്ങളും സൂചിപ്പിക്കുന്നു. ഇത് ദശലക്ഷക്കണക്കിന് അമേരിക്കൻ കുടുംബങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്തുന്ന ട്രംപിന്റെ നയങ്ങളും, ജൂലൈയിൽ നിയമമായി മാറിയ “വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റ്” എന്ന സമഗ്ര നികുതി-ചെലവ് പാക്കേജും ഈ വിലവർധനവിന് കാരണമായതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

അമേരിക്കൻ ഉപഭോക്താക്കൾക്ക് 800 ഡോളർ വരെയുള്ള സാധനങ്ങൾക്ക് താരിഫോ ഫീസോ ഇല്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദിച്ചിരുന്ന “ഡി മിനിമസ്” (de minimis) നിയമം ട്രംപ് ഭരണകൂടം റദ്ദാക്കിയതും വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ നീക്കം ഓൺലൈനായി കുറഞ്ഞ വിലയിലുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വലിയ വില വർധനവിന് വഴിയൊരുക്കും. ഇത് ചില ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയ്ക്കാനും സാധ്യതയുണ്ട്.

ട്രംപിന്റെ ഈ തീരുമാനത്തെ തുടർന്ന്, ഓഗസ്റ്റ് 25 മുതൽ യു.എസ്സിലേക്കുള്ള തപാൽ കയറ്റുമതി ഇന്ത്യ പോസ്റ്റ് നിർത്തിവെച്ചു. ട്രംപിന്റെ നടപടിക്ക് ശേഷം കയറ്റുമതി നിർത്തിയ ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലെ തപാൽ സേവനദാതാക്കളിൽ ഒന്നാണ് ഇന്ത്യ പോസ്റ്റ്. ഈ രാജ്യങ്ങളിലെ വിൽപ്പനക്കാർ യു.എസ്. ഉപഭോക്താക്കൾക്കായി പുതിയ ഷിപ്പിങ് സേവനങ്ങൾ തേടുന്നതിനാൽ ഉൽപ്പന്നങ്ങൾക്ക് വില ഉയരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Share Email
Top