വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഫെഡറൽ റിസർവിലും ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിലും (BLS) രണ്ട് പ്രധാന സാമ്പത്തിക നേതൃത്വ സ്ഥാനങ്ങളിലേക്ക് ഉടൻ പുതിയ ആളുകളെ നിയമിക്കുമെന്ന് അറിയിച്ചു. സാമ്പത്തിക വിവരങ്ങളും നയങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടത്തിന്‍റെ സമീപനത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ശ്രദ്ധയ്ക്കിടയിലാണ് ഈ പ്രഖ്യാപനങ്ങൾ.
വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. പലിശ നിരക്ക് കുറയ്ക്കാനുള്ള തന്‍റെ ആവശ്യങ്ങളുമായി യോജിച്ച് പ്രവർത്തിക്കുന്ന ഒരു നയരൂപീകർത്താവിനെ നിയമിക്കാൻ അവസരം നൽകിക്കൊണ്ട് ഫെഡറൽ റിസർവ് ഗവർണർ സ്ഥാനത്തുനിന്ന് അഡ്രിയാന കുഗ്ലർ രാജിവെക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പലിശ നിരക്ക് നേരത്തെ കുറയ്ക്കാത്തതിന് ഫെഡറൽ റിസർവുമായി ട്രംപ് ഏറെക്കാലമായി ഇടഞ്ഞ നിലയിലായിരുന്നു.
മറുവശത്ത്, തൊഴിൽ കണക്കുകൾ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം ബിഎൽഎസ് കമ്മീഷണർ എറിക മക്എന്റർഫറിനെ പുറത്താക്കി. ഈ ആരോപണങ്ങൾക്ക് അദ്ദേഹം തെളിവുകളൊന്നും നൽകിയിട്ടില്ല. രാജ്യത്തെ തൊഴിൽ റിപ്പോർട്ടുകൾ ബൈഡൻ നിയമിച്ച ഉദ്യോഗസ്ഥയാണ് നിർമ്മിക്കുന്നത് എന്ന് അദ്ദേഹം വാദിക്കുകയും അവരെ പുറത്താക്കാൻ നിർദ്ദേശം നൽകുകയും ചെയ്യുകയായിരുന്നു.
തന്റെ തീരുമാനത്തെ അദ്ദേഹം ഞായറാഴ്ചയും ന്യായീകരിച്ചു. ഈ നീക്കത്തിനെതിരെ വിമർശനം ശക്തമായിട്ടും അദ്ദേഹം നിലപാടിൽ ഉറച്ചുനിന്നു. “50 വർഷത്തിനിടയിലെ ഏറ്റവും വലിയ തെറ്റായ കണക്കുകളാണ്” മക്എന്റർഫർക്ക് ഉണ്ടായതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഏറ്റവും പുതിയ തൊഴിൽ കണക്കുകൾ, താൻ ആവർത്തിച്ചുള്ള പിഴവുകളായി വിശേഷിപ്പിച്ച കാര്യങ്ങൾക്ക് കൂടുതൽ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.