വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയും വൈറ്റ് ഹൗസിൽ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയ്ക്കിടെ സെലന്‍സ്‌കിയുടെ വേഷവിധാനത്തെ പ്രശംസിച്ച് മാധ്യമപ്രവര്‍ത്തകന്‍. ഫോക്സ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ വിവിധ പരിപാടികളിലൂടെ പ്രശസ്തനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബ്രയാന്‍ ഗ്ലെന്‍ ആണ് സെലെന്‍സ്‌കിയെ പ്രശംസിച്ചത്. “ഈ സ്യൂട്ടില്‍ താങ്കളെ കാണാന്‍ സൂപ്പറായിരിക്കുന്നു” എന്നായിരുന്നു ഗ്ലെന്നിന്റെ പ്രശംസ. മുമ്പൊരവസരത്തില്‍ സെലന്‍സ്‌കിയുടെ വേഷവിധാനത്തെ ഗ്ലെന്‍ വിമര്‍ശിച്ചിരുന്നു.
മൂന്ന് വര്‍ഷക്കാലമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കായാണ് സെലെന്‍സ്‌കി ട്രംപിനെ സന്ദര്‍ശിച്ചത്. ഗ്ലെന്നിന്റെ പ്രശംസയ്ക്ക് പിന്നാലെ താനും അതുതന്നെയാണ് പറഞ്ഞത് എന്നുള്ള ട്രംപിന്റെ ഇടപെടലുമുണ്ടായി. “കഴിഞ്ഞ തവണ വേഷത്തിന്റെ പേരില്‍ താങ്കളെ കുറ്റപ്പെടുത്തിയ വ്യക്തിയാണത്” എന്ന് ട്രംപ് ഓര്‍മപ്പെടുത്തിയത് അവിടെ കൂടിയിരുന്നവരില്‍ ചിരി പടര്‍ത്തി. “എനിക്കത് ഓര്‍മയുണ്ട്”, എന്ന് സെലെന്‍സ്‌കി മറുപടി നല്‍കുകയും ചെയ്തു. “താങ്കള്‍ അതേ സ്യൂട്ട് തന്നെയാണല്ലോ ധരിച്ചിരിക്കുന്നത്” എന്ന സെലെന്‍സ്‌കിയുടെ ഗ്ലെന്നിനോടുള്ള ചോദ്യം മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ചിരിയുണര്‍ത്തി.
ഫെബ്രുവരിയില്‍ ട്രംപുമായി ഓവല്‍ ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് സെലെന്‍സ്‌കിയെ ഗ്ലെന്‍ വിമര്‍ശിച്ചത്. അന്ന് സൈനികവേഷത്തിലെത്തിയ സെലെന്‍സ്‌കിയോട് രാഷ്ട്രത്തലവനായ താങ്കള്‍ സ്യൂട്ട് ധരിക്കാതെ ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കെത്തിയത് ശരിയായില്ലെന്നും സ്വന്തം പദവിയോട് യുക്രൈന്‍ പ്രസിഡന്റിന് ആദരവില്ലാത്തതിനാലാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഭൂരിഭാഗം അമേരിക്കക്കാരും കരുതുന്നതെന്നും ഗ്ലെന്‍ പറഞ്ഞിരുന്നു. യുക്രൈനില്‍ സമാധാനം സ്ഥാപിക്കുന്നതുവരെ താന്‍ സൈനികവേഷം ധരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സെലെന്‍സ്‌കി ഗ്ലെന്നിനോട് വിശദീകരിക്കുകയും ചെയ്തിരുന്നു.