ന്യൂയോർക്ക്: യുഎസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തിപരമായ പക, വിദ്വേഷം, അശാസ്ത്രീയ ചിന്തകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നയാളാണെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ റിക്ക് സാഞ്ചസ്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50% താരിഫ് ചുമത്തിയതിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഈ വിമർശനം.
വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് സാഞ്ചസ് ഇക്കാര്യം വ്യക്തമാക്കിയത്. കുറഞ്ഞ വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നതിന് ഇന്ത്യയെ ശിക്ഷിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സാഞ്ചസ് പറഞ്ഞു, “ട്രംപ് വ്യക്തിപരമായ കാരണങ്ങളാൽ നയങ്ങൾ രൂപീകരിക്കുന്ന വ്യക്തിയാണോ? അതെ, തീർച്ചയായും ആണ്.”
ജൂലൈയിൽ, ട്രംപ് ആദ്യം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തിയിരുന്നു. പിന്നീട്, റഷ്യൻ എണ്ണയുടെ ഇറക്കുമതിക്ക് മാത്രമായി മറ്റൊരു 25% താരിഫ് കൂടി ഏർപ്പെടുത്തി. ഇതോടെ മൊത്തം താരിഫ് 50 ശതമാനമായി.
അമേരിക്കൻ മൾട്ടിനാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കായ ജെഫറീസ് റിപ്പോർട്ട് അനുസരിച്ച്, ട്രംപിന്റെ ഈ അസാധാരണമായ താരിഫ് നടപടിക്ക് പിന്നിൽ വ്യക്തിപരമായ വൈരാഗ്യമാണ്. പാകിസ്താനുമായുള്ള സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ ന്യൂഡൽഹി ട്രംപിനെ അനുവദിച്ചിരുന്നില്ല. ഇത് സമാധാന ദല്ലാളായി സ്വയം ഉയർത്തിക്കാട്ടാനും നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് അവകാശപ്പെടാനുമുള്ള അദ്ദേഹത്തിന്റെ അവസരം ഇല്ലാതാക്കി. ഇതാണ് ഈ ഉയർന്ന താരിഫുകൾക്ക് പിന്നിലെ പ്രധാന കാരണം.