വാഷിംഗ്ടൺ: ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്ന മുദ്രാവാക്യവുമായി രണ്ടാംവട്ടം അധികാരത്തിലെത്തിയ ഡോണൾഡ് ട്രംപിന്റെ ഏഴ് മാസത്തെ ഭരണകാലത്ത് 1,703 ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോർട്ട്. യു.എസ്. പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു അനധികൃത കുടിയേറ്റക്കാരെ നാടുകടത്തൽ. വിവിധ മേഖലകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നെങ്കിലും ട്രംപ് ഭരണകൂടം ഈ നയത്തിൽ ഉറച്ചുനിന്നു. ഈ നടപടി ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി, യു.എസ്. പൗരത്വമില്ലാത്ത 1,703 ഇന്ത്യക്കാരാണ് ഏഴ് മാസത്തിനിടെ നാടുകടത്തപ്പെട്ടത്.
ഇതിനർത്ഥം ശരാശരി ഒരു ദിവസം എട്ട് ഇന്ത്യക്കാരെ നാടുകടത്തുന്നുവെന്നാണ്. നാടുകടത്തപ്പെട്ടവരിൽ 1,562 പുരുഷന്മാരും 141 സ്ത്രീകളുമുണ്ട്. കേരളത്തിൽ നിന്നുള്ള 8 പേരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. പഞ്ചാബിൽ നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരിൽ ഏറ്റവും കൂടുതൽ. 2025 ജൂലൈ 22 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നത്.