കഞ്ചാവ് നിയന്ത്രണം കുറയ്ക്കാൻ ട്രംപിന്റെ നീക്കം; കൂടുതൽ ലഭ്യമാക്കാൻ സാധ്യത

കഞ്ചാവ് നിയന്ത്രണം കുറയ്ക്കാൻ ട്രംപിന്റെ നീക്കം; കൂടുതൽ ലഭ്യമാക്കാൻ സാധ്യത

വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഞ്ചാവിനെ അപകടം കുറഞ്ഞ മയക്കുമരുന്നായി പുനർവർഗീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവഴി സാധാരണക്കാർക്ക് കഞ്ചാവ് കൂടുതൽ ലഭ്യമാക്കാൻ ട്രംപ് ലക്ഷ്യമിടുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ ന്യൂജേഴ്‌സിയിൽ നടന്ന ഒരു പരിപാടിയിൽ ട്രംപ് ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതായി പരിപാടിയിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

ന്യൂജേഴ്‌സിയിലെ തന്റെ ഗോൾഫ് ക്ലബ്ബിൽ നടന്ന ഫണ്ട്-റൈസിങ് പരിപാടിയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഞ്ചാവിനെ നിലവിലുള്ള ഷെഡ്യൂൾ I നിയന്ത്രിത വസ്തുക്കളുടെ പട്ടികയിൽ നിന്ന് മാറ്റി ഷെഡ്യൂൾ III മയക്കുമരുന്നായി പുനർവർഗീകരിക്കാൻ താൽപര്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

എന്താണ് ഷെഡ്യൂൾ I, ഷെഡ്യൂൾ III?

  • ഷെഡ്യൂൾ I: നിലവിൽ ഹെറോയിൻ, എൽഎസ്ഡി തുടങ്ങിയവ ഉൾപ്പെടുന്ന വിഭാഗമാണിത്. ഈ വിഭാഗത്തിലുള്ള മയക്കുമരുന്നുകൾക്ക് വൈദ്യപരമായ ഉപയോഗങ്ങളില്ലെന്നും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണെന്നും യുഎസ് നിയമം പറയുന്നു.
  • ഷെഡ്യൂൾ III: അനാബോളിക് സ്റ്റിറോയിഡുകൾ, ടെസ്റ്റോസ്റ്റിറോൺ പോലുള്ള മരുന്നുകൾ ഉൾപ്പെടുന്ന വിഭാഗമാണിത്. ഇവക്ക് വൈദ്യപരമായ ഉപയോഗങ്ങളുണ്ടെന്നും ദുരുപയോഗ സാധ്യത കുറവാണെന്നും കണക്കാക്കുന്നു.

കഞ്ചാവിനെ ഷെഡ്യൂൾ III-ലേക്ക് മാറ്റിയാൽ, അത് വാങ്ങുന്നതും വിൽക്കുന്നതും കൂടുതൽ എളുപ്പമാകും. കൂടാതെ, ഈ വ്യവസായം കൂടുതൽ ലാഭകരമായി മാറാനും സാധ്യതയുണ്ട്.

മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടമാണ് ഇത്തരത്തിൽ കഞ്ചാവിന്റെ പുനർവർഗീകരണം ആദ്യം നിർദേശിച്ചത്. എന്നാൽ, ബൈഡന്റെ ഭരണകാലാവധി അവസാനിച്ചതിനാൽ ഇത് നിയമമായില്ല.

ഏറ്റവും വലിയ കഞ്ചാവ് കമ്പനികളിലൊന്നായ ട്രൂലീവിന്റെ സിഇഒ കിം റിവേഴ്‌സും ട്രംപിന്റെ ന്യൂജേഴ്‌സി ക്ലബ്ബിലെ പരിപാടിയിലെ അതിഥിയായിരുന്നു. ഈ മാറ്റം നടപ്പാക്കാനും മെഡിക്കൽ കഞ്ചാവ് ഗവേഷണം വിപുലീകരിക്കാനും റിവേഴ്‌സ് ട്രംപിനോട് അഭ്യർഥിച്ചതായും റിപ്പോർട്ടുണ്ട്.

നേരത്തെയും കഞ്ചാവ് കമ്പനികളുടെ ഉടമകൾ ട്രംപിനെ സമീപിച്ചിട്ടുണ്ട്. 2018-ൽ ഇത്തരത്തിൽ സമീപിച്ച രണ്ട് പേരോട്, കഞ്ചാവിന്റെ ഉപയോഗം ഐക്യു പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഐക്യു പോയിന്റുകൾ നഷ്ടപ്പെടുത്തുമെന്നും താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു.

Trump’s move to ease cannabis restrictions; more likely to be available

Share Email
Top