വാഷിങ്ടൺ: യു.എസിൽ കുറ്റവാളികളിൽനിന്ന് പണം ഈടാക്കാതെ ജാമ്യം അനുവദിക്കുന്ന പണരഹിത ജാമ്യ സമ്പ്രദായം (Cashless Bail System) അവസാനിപ്പിക്കാൻ ഒരുങ്ങി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം. ഈ സമ്പ്രദായം നിർത്തലാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു. പണരഹിത ജാമ്യം അനുവദിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള ഫെഡറൽ ഫണ്ടുകൾ തടഞ്ഞുവെക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
പണരഹിത ജാമ്യ സമ്പ്രദായം പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങൾ ചെയ്തവർ പണം നൽകാതെ പുറത്തിറങ്ങിപ്പോകുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ 30 ദിവസത്തിനുള്ളിൽ ഒരു റിപ്പോർട്ട് സമർപ്പിക്കാൻ അറ്റോർണി ജനറൽ പാം ബോണ്ടിക്ക് ട്രംപ് നിർദേശം നൽകി.
എന്താണ് പണരഹിത ജാമ്യ സമ്പ്രദായം?
കുറ്റകൃത്യത്തിൽ അറസ്റ്റിലായ പ്രതിക്ക് വിചാരണക്ക് മുൻപ് പണം കെട്ടിവയ്ക്കാതെ ജാമ്യം അനുവദിക്കുന്ന രീതിയാണിത്. പരമ്പരാഗതമായി പണം നൽകി ജാമ്യം നേടിയ ശേഷം കൃത്യസമയത്ത് കോടതിയിൽ ഹാജരാകുന്ന പ്രതിക്ക് തുക തിരികെ ലഭിക്കും.
പണം നൽകിയുള്ള ജാമ്യ സമ്പ്രദായം പാവപ്പെട്ടവരെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. പണമുള്ളവർക്ക് ജാമ്യമെടുത്ത് പുറത്തിറങ്ങാൻ സാധിക്കുമ്പോൾ പാവപ്പെട്ടവർ ജയിലിൽ കഴിയേണ്ടിവരുന്നു. എന്നാൽ, ഇത് കുറ്റവാളികളെ പുറത്തിറക്കിവിടുന്നതിന് തുല്യമാണെന്നും കോടതി നടപടികൾ പാലിക്കപ്പെടാതെ പോകാൻ കാരണമാകുമെന്നും വിമർശകർ വാദിക്കുന്നു.
നിയമപരമായ വെല്ലുവിളികളും പഠനങ്ങളും
ഇല്ലിനോയിസ്, ന്യൂജേഴ്‌സി, ന്യൂ മെക്സിക്കോ, വാഷിങ്ടൺ ഡിസി തുടങ്ങിയ സംസ്ഥാനങ്ങൾ പണം നൽകിയുള്ള ജാമ്യത്തെ ആശ്രയിക്കുന്നത് കുറച്ചിട്ടുണ്ട്. ഇല്ലിനോയിസ് സംസ്ഥാനം 2023-ൽ സേഫ് ടി ആക്റ്റ് (SAFE-T Act) അനുസരിച്ച് പണം നൽകിയുള്ള ജാമ്യം നിർത്തലാക്കിയ ആദ്യ സംസ്ഥാനമായി. നിലവിൽ ഇല്ലിനോയിസിലെ ജഡ്ജിമാർ സാമ്പത്തിക സ്ഥിതിക്ക് പകരം പൊതുസുരക്ഷയും പ്രതി നാടുവിടാനുള്ള സാധ്യതയും പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നത്. കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെ ഈ നിയമത്തിൽനിന്ന് ഒഴിവാക്കാറുണ്ട്.
പണരഹിത ജാമ്യം നടപ്പാക്കിയതിന് ശേഷം കുറ്റകൃത്യങ്ങൾ വർധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
- ലോയോല യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ (2024) നടത്തിയ പഠനത്തിൽ ഇല്ലിനോയിസിൽ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടില്ലെന്ന് കണ്ടെത്തി. ചില കൗണ്ടികളിൽ അക്രമങ്ങളിലും സ്വത്ത് കുറ്റകൃത്യങ്ങളിലും കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
- ബ്രണ്ണൻ സെന്റർ ഫോർ ജസ്റ്റിസ് (Brennan Center for Justice) നടത്തിയ പഠനത്തിൽ, 2015-നും 2021-നും ഇടയിൽ 33 നഗരങ്ങളിൽ ജാമ്യ പരിഷ്കരണവും കുറ്റകൃത്യങ്ങളും തമ്മിൽ കാര്യമായ ബന്ധമില്ലെന്നും കണ്ടെത്തി.
- എന്നാൽ, യോലോ കൗണ്ടി, കാലിഫോർണിയ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് (2022) നടത്തിയ പഠനത്തിൽ, കോവിഡ് സമയത്ത് താൽക്കാലികമായി നടപ്പാക്കിയ പണരഹിത ജാമ്യ സമ്പ്രദായത്തിൽ 595 പ്രതികളെ ഏപ്രിൽ 2020-നും മെയ് 2021-നും ഇടയിൽ വിട്ടയച്ചതിൽ 70.6 ശതമാനം പേരെ വീണ്ടും അറസ്റ്റ് ചെയ്തതായി പറയുന്നു. ഇതിൽ പകുതിയിലധികം പേരെ ഒന്നിലധികം തവണ അറസ്റ്റ് ചെയ്തിരുന്നു.
ട്രംപിന്റെ ഉത്തരവ് നിയമപരമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പണം നൽകിയുള്ള ജാമ്യം ദാരിദ്ര്യത്തെ ക്രിമിനൽവത്കരിക്കുമെന്നും നീതി ഉറപ്പാക്കുന്ന പരിഷ്കാരങ്ങളെ ദുർബലപ്പെടുത്തുമെന്നും പണരഹിത ജാമ്യത്തെ പിന്തുണക്കുന്നവർ വാദിക്കുന്നു. അതേസമയം, ഇത് കുറ്റവാളികളെ വീണ്ടും കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുമെന്നും സമൂഹത്തെ സംരക്ഷിക്കാൻ ഇത് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും വിമർശകർ പറയുന്നു.
Trump’s move to end cashless bail; Executive order to enact legislation