യുഎസ് പ്രസിഡന്റ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ, രാജ്യത്ത് അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായ പ്രമുഖരും സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് നടത്തിയ ആഹ്വാനത്തിന് പിന്നാലെയാണ് ഈ പ്രതികരണം.
ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ, അമേരിക്കൻ ബ്രാൻഡുകളുടെ പ്രധാന വിപണികളിലൊന്നാണ്. ഡൊമിനോസ്, മക്ഡോണൾഡ്സ്, പെപ്സി, കൊക്കകോള, ഐഫോൺ തുടങ്ങിയ ബ്രാൻഡുകളെതിരെയാണ് ബഹിഷ്കരണ ആഹ്വാനം ഉയരുന്നത്. എന്നാൽ, ഇപ്പോൾ വരെ കമ്പനികളുടെ വിൽപ്പനയിൽ ഇതിന്റെ വലിയ സ്വാധീനം കാണുന്നില്ല.
പ്രധാനമന്ത്രി മോദി അടുത്തിടെ, “ഇന്ത്യൻ ടെക്നോളജി കമ്പനികൾ ലോകത്തിനായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു; ഇനി ഇന്ത്യയുടെ ആവശ്യങ്ങൾക്കും മുൻഗണന നൽകേണ്ട സമയമാണ്” എന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ കമ്പനി ‘വൗ സ്കിൻ സയൻസ്’ സഹസ്ഥാപകൻ മനീഷ് ചൗധരി ലിങ്ക്ഡ്ഇന്നിൽ ഇന്ത്യൻ കർഷകരെയും സ്റ്റാർട്ടപ്പുകളെയും പിന്തുണയ്ക്കണമെന്ന് അഭ്യർഥിച്ചും ‘ഇന്ത്യയിൽ നിർമ്മിച്ചതിനെ തരംഗമാക്കുക’ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, അമേരിക്കൻ ഉൽപ്പന്നങ്ങൾക്കെതിരായ പ്രതിഷേധം ഉയരുമ്പോഴും, ഇലോൺ മസ്കിന്റെ ടെസ്ല കാർ ഇന്ത്യയിൽ രണ്ടാം ഷോറൂം തുറന്നു. ഡൽഹിയിലാണ് പുതിയ ഷോറൂം; വ്യവസായമന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം (മെറ്റ), യൂട്യൂബ്, ജിമെയിൽ (ഗൂഗിൾ), എക്സ് (ഇലോൺ മസ്ക്), ആമസോൺ, ഫ്ലിപ്കാർട്ട് (വോൾമാർട്ട് ഉടമസ്ഥത) എന്നിവ എല്ലാം അമേരിക്കൻ കമ്പനികളാണ്, ഇവയും ബഹിഷ്കരണ ചർച്ചകളിൽ ഉൾപ്പെടുന്നു.
Trump’s retaliatory tariff; Calls to boycott American products intensify in India.