ഗാസ പ്രദേശം ഔദ്യോഗികമായി ക്ഷാമബാധിതമാണെന്ന് ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇസ്രയേൽ ആസൂത്രിതമായി ഗാസയിലേക്കുള്ള സഹായം തടയുന്നതാണ് കാരണമെന്ന് യുഎൻ ആരോപിച്ചു. എന്നാൽ, ഇസ്രയേൽ ഈ ആരോപണം നിഷേധിച്ച്, “ഹമാസിന്റെ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന്” പ്രതികരിച്ചു.
റോം ആസ്ഥാനമായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (IPC) ആണ് ഗാസയിലെ ക്ഷാമസ്ഥിതി സ്ഥിരീകരിച്ചത്. യുഎന്നിനുവേണ്ടി ഭക്ഷ്യസ്ഥിതി വിലയിരുത്തി ക്ഷാമം പ്രഖ്യാപിക്കുന്നതിനുള്ള അധികാരം IPC-ക്കാണ്. ഗാസ സിറ്റിയിലുൾപ്പെടെ അഞ്ചുലക്ഷം പേരാണ് ഇതിനകം ക്ഷാമം ബാധിച്ചതെന്ന് IPC റിപ്പോർട്ടിൽ പറയുന്നു. ഉടൻ വെടിനിർത്തൽ ഇല്ലെങ്കിൽ ക്ഷാമം മുഴുവൻ പ്രദേശത്തും പടരുമെന്നും, സെപ്റ്റംബർ അവസാനം തന്നെ ഡെയ്ർ അൽ ബലാ, ഖാൻ യൂനിസ് മേഖലകളിലും വ്യാപിക്കുമെന്നും മുന്നറിയിപ്പ് നൽകി.
സ്ഥിതി തടയാനാകുമായിരുന്നു, എന്നാൽ ഇസ്രയേൽ സഹായം തടഞ്ഞുവെച്ചതുകൊണ്ടാണ് ജനങ്ങൾ പട്ടിണിയിലായതെന്ന് യുഎൻ സഹായവിതരണ വിഭാഗം മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു. പട്ടിണിയെ ആയുധമാക്കി യുദ്ധം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും, ഇത് “മനഃപൂർവ നരഹത്യ”യായി കണക്കാക്കാമെന്നും യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് വ്യക്തമാക്കി.
അതേസമയം, ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിച്ച് സമ്പൂർണ നിരായുധീകരണം നടത്താൻ തയ്യാറായില്ലെങ്കിൽ ഗാസ സിറ്റിയെ നശിപ്പിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പുനൽകി.
UN Declares Famine in Gaza; Accuses Israel of Blocking Aid