കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുള്ള ആഡംബര ഹോട്ടലുകൾക്ക് നേരെ ഭീഷണിയുള്ളതായി റിപ്പോർട്ട്. ഇതിനെ തുടർന്ന്, യുഎസ് സർക്കാർ ഉദ്യോഗസ്ഥർ ഈ ഹോട്ടലുകൾ സന്ദർശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് ജനറൽ പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പ് പ്രകാരം, നഗരത്തിലെ ഉയർന്ന നിലവാരത്തിലുള്ള ഹോട്ടലുകളെ ലക്ഷ്യമിട്ട് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ ഹോട്ടലുകളിലേക്കുള്ള ഔദ്യോഗിക സന്ദർശനങ്ങൾ നിർത്തിവയ്ക്കാൻ കോൺസുലേറ്റ് തീരുമാനിച്ചത്.
ഇത്തരം സുരക്ഷാ മുൻകരുതലുകൾ അസാധാരണമല്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കി. വിദേശരാജ്യങ്ങളിൽ വിശ്വസനീയമായ ഭീഷണികൾ ഉയർന്നുവരുമ്പോൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, മാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. പാകിസ്ഥാനിലെ യുഎസ് സർക്കാർ ഉദ്യോഗസ്ഥരോട് തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും, ജാഗ്രത പുലർത്താനും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവർ കൂടുതലായി എത്തുന്ന ഇടങ്ങളിൽ ശ്രദ്ധിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.