താരിഫ് വരുമാനത്തിൽ ഇപ്പോൾ യുഎസിന്‍റെ ഏറ്റവും വലിയ സ്രോതസ് ചൈന; ബന്ധം നന്നായി പോകുന്നുവെന്ന് സ്കോട്ട് ബെസെന്റ്

താരിഫ് വരുമാനത്തിൽ ഇപ്പോൾ യുഎസിന്‍റെ ഏറ്റവും വലിയ സ്രോതസ് ചൈന; ബന്ധം നന്നായി പോകുന്നുവെന്ന് സ്കോട്ട് ബെസെന്റ്

വാഷിംഗ്ടൺ: നിലവിൽ ചൈനയുമായുള്ള വ്യാപാര തർക്കം സുസ്ഥിരവും നിയന്ത്രിക്കാവുന്നതുമാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. താരിഫുകൾ നിലനിർത്തിക്കൊണ്ടുതന്നെ ചൈനയുമായുള്ള നിലവിലെ സ്ഥിതി നന്നായി പോകുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോക്സ് ന്യൂസിൻ്റെ ‘ദി ഇൻഗ്രഹാം ആംഗിൾ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ബെസെന്റ് ഇക്കാര്യം പറഞ്ഞത്. ചൈന അമേരിക്കയ്ക്ക് താരിഫ് വരുമാനത്തിന്റെ ഒരു പ്രധാന ഉറവിടമാണെന്ന് അദ്ദേഹം പറഞ്ഞു. താരിഫ് വരുമാനത്തിൽ ഇപ്പോൾ ഏറ്റവും വലിയ സ്രോതസ്സ് ചൈനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടണും ബെയ്ജിംഗും തമ്മിലുള്ള താരിഫ് വെടിനിർത്തൽ 90 ദിവസത്തേക്ക് കൂടി നീട്ടാൻ കഴിഞ്ഞയാഴ്ച ധാരണയായിരുന്നു. ഇത് കൂടുതൽ താരിഫ് ചുമത്താനുള്ള സാധ്യത ഒഴിവാക്കി. ഇതോടെ നവംബർ വരെ വെടിനിർത്തൽ തുടരും. ചൈനയുമായി ഞങ്ങൾ നല്ല ചർച്ചകൾ നടത്തിയിട്ടുണ്ട്, നവംബറിന് മുൻപ് അവരുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് ഞാൻ കരുതുന്നുവെന്നും ബെസെന്റ് പറഞ്ഞു.

യുക്രെയ്നിലെ യുദ്ധത്തിൻ്റെ പേരിൽ റഷ്യയെ സമ്മർദ്ദത്തിലാക്കുന്നതിൻ്റെ ഭാഗമായി റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാൻ ബെയ്ജിംഗിനോട് വാഷിംഗ്ടൺ ആവശ്യപ്പെട്ടിരുന്നു. ചർച്ചകൾ നടക്കുന്നത് കൊണ്ട് ചൈനയ്‌ക്കെതിരെ ഉടനടി പ്രതികാര താരിഫ് ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

Share Email
LATEST
More Articles
Top