ട്രംപിന്റെ താരിഫുകൾ യുഎസ് ഖജനാവിലേക്ക് പണം ഒഴുക്കുന്നു, പക്ഷേ…; ജൂലൈ മാസത്തിലെ സാമ്പത്തിക കമ്മി 19 ശതമാനം വർധിച്ചു

ട്രംപിന്റെ താരിഫുകൾ യുഎസ് ഖജനാവിലേക്ക് പണം ഒഴുക്കുന്നു, പക്ഷേ…; ജൂലൈ മാസത്തിലെ സാമ്പത്തിക കമ്മി 19 ശതമാനം വർധിച്ചു

വാഷിം​ഗ്ടൺ: അമേരിക്കയിൽ ജൂലൈ മാസത്തിലെ സാമ്പത്തിക കമ്മി 19 ശതമാനം വർധിച്ച് 47 ബില്യൺ ഡോളറിലെത്തി. ഇത് കഴിഞ്ഞ വർഷം ജൂലൈ മാസത്തേക്കാൾ കൂടുതലാണ്. വരുമാനം രണ്ട് ശതമാനം (8 ബില്യൺ ഡോളർ) ഉയർന്ന് 338 ബില്യൺ ഡോളറായപ്പോൾ, ചെലവുകൾ 10 ശതമാനം (56 ബില്യൺ ഡോളർ) വർധിച്ച് 630 ബില്യൺ ഡോളറിലെത്തി. ഇത് ജൂലൈ മാസത്തിലെ റെക്കോർഡ് ഉയർന്ന ചെലവാണ്. ഈ വർഷം ജൂലൈയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രവൃത്തി ദിനങ്ങൾ കുറവായിരുന്നു. ഈ വ്യത്യാസം കണക്കിലെടുത്താൽ വരുമാനം ഏകദേശം 20 ബില്യൺ ഡോളർ വർധിക്കുമായിരുന്നു. അങ്ങനെയാണെങ്കിൽ കമ്മി ഏകദേശം 271 ബില്യൺ ഡോളറായി കുറഞ്ഞേനെ എന്ന് ട്രഷറി വകുപ്പ് അറിയിച്ചു.

ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന താരിഫ് നിരക്കുകൾ കാരണം ജൂലൈയിൽ നെറ്റ് കസ്റ്റംസ് വരുമാനം ഏകദേശം 27.7 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7.1 ബില്യൺ ഡോളറായിരുന്നു. ഏപ്രിൽ മുതൽ കസ്റ്റംസ് വരുമാനം വർധിച്ചുവരുന്നതായും ട്രഷറി ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രംപിന്റെ താരിഫുകൾ കാരണം യുഎസ് ഖജനാവിലേക്ക് കോടിക്കണക്കിന് ഡോളർ എത്തുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ, ഇറക്കുമതി ചെയ്യുന്ന കമ്പനികളാണ് ഈ താരിഫുകൾ നൽകുന്നത്. പലപ്പോഴും ഈ അധിക ചെലവ് ഉയർന്ന വിലയുടെ രൂപത്തിൽ ഉപഭോക്താക്കളിലേക്കും എത്തുന്നുണ്ട്.

ചൊവ്വാഴ്ച പുറത്തുവന്ന ഉപഭോക്തൃ വില സൂചിക (Consumer price index) വിവരങ്ങൾ അനുസരിച്ച് ഫർണിച്ചർ, പാദരക്ഷകൾ, വാഹന ഭാഗങ്ങൾ തുടങ്ങിയ ചില സാധനങ്ങളുടെ വിലയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പെട്രോളിന്റെ വില കുറഞ്ഞതിനാൽ മൊത്തത്തിലുള്ള സൂചികയിൽ വലിയ മാറ്റമുണ്ടായില്ല. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പത്ത് മാസങ്ങളിൽ കസ്റ്റംസ് തീരുവ 135.7 ബില്യൺ ഡോളറാണ്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനേക്കാൾ 73 ബില്യൺ ഡോളറോ (116%) കൂടുതലാണ്.

Share Email
LATEST
Top