വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ യുഎസ് ദിനംപ്രതി നിരീക്ഷിക്കുന്നതായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ വ്യക്തമാക്കി. ഇന്ത്യ-പാക് സംഘർഷം തന്റെ ഇടപെടലിലൂടെയാണ് അവസാനിച്ചതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു പറയുന്നതിനിടെ, സമാനമായ പ്രസ്താവനയുമായി റുബിയോ രംഗത്തെത്തിയിരിക്കുകയാണ്. വെടിനിർത്തൽ കരാറുകൾ നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും, അവ എപ്പോൾ വേണമെങ്കിലും തകർന്നേക്കാമെന്നും റുബിയോ എൻബിസി ന്യൂസിനോട് സംസാരിക്കവെ പറഞ്ഞു.
‘വെടിനിർത്തൽ കരാർ സുസ്ഥിരമായി തുടരുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയുടെയും പാകിസ്താന്റെയും സ്ഥിതിഗതികൾ ഞങ്ങൾ നിരന്തരം നിരീക്ഷിക്കുന്നു. ഓരോ ദിവസവും എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ ശ്രദ്ധിക്കുന്നു,’ റുബിയോ വ്യക്തമാക്കി. യുക്രൈനിൽ മൂന്നര വർഷമായി തുടരുന്ന യുദ്ധം പോലുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, സ്ഥിരമായ വെടിനിർത്തൽ എന്നത് എളുപ്പമല്ല. ‘ഇന്ന് സമാധാനം നിലനിൽക്കണം, ഇവിടെ യുദ്ധം പാടില്ല, ഭാവിയിലും ഉണ്ടാകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം,’ റുബിയോ കൂട്ടിച്ചേർത്തു.