വാഷിംഗ്ടൺ: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയോടുള്ള യുഎസിന്റെ സമീപനം ശരിയായ രീതിയിലായിരുന്നില്ലെന്ന് അന്താരാഷ്ട്ര സുരക്ഷാ പ്രൊഫസറും ഭീകരവാദ ഡൈനാമിക്‌സിനെക്കുറിച്ച് എഴുതിയ ഗ്രന്ഥകാരനുമായ മാക്സ് അബ്രാംസ്. ന്യൂഡൽഹിയുമായി എങ്ങനെ ബന്ധപ്പെടണമെന്ന് മനസിലാക്കുന്നതിൽ യുഎസിന് വീഴ്ച പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ, ട്രംപ് ഭരണകൂടത്തിന്റെ പെരുമാറ്റം കാരണം ഇന്ത്യ തഴയപ്പെട്ടതായി തോന്നി. അതേസമയം, പാകിസ്ഥാൻ യുഎസിൻ്റെ പങ്കിനെ പരസ്യമായി പ്രശംസിച്ചു.
“ട്രംപിന് നൊബേൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാൻ പരസ്യമായി പറഞ്ഞിരുന്നു, എന്നാൽ യുഎസിൻ്റെ ഇടപെടലുകൾ ഇന്ത്യയ്ക്ക് അത്ര തൃപ്തികരമായിരുന്നില്ല,” അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആഗോള പ്രാധാന്യം ട്രംപ് ഭരണകൂടം പൂർണ്ണമായി അംഗീകരിക്കുന്നില്ലെന്നും അബ്രാംസ് വാദിച്ചു. ഇന്ത്യക്ക് വേണ്ടത്ര ആദരവ് ലഭിക്കുന്നില്ലെന്ന് അവർക്ക് തോന്നുന്നു. ഇന്ത്യയുടെ സംഭാവനകളെ ട്രംപ് ഭരണകൂടം പൂർണ്ണമായി വിലമതിക്കുന്നില്ല, കൂടാതെ ലോക വേദിയിൽ ഇന്ത്യയെ ഒരു സ്വതന്ത്ര രാഷ്ട്രമായി പരിഗണിക്കുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ ചർച്ചകളിൽ ട്രംപിന്റെ യഥാർത്ഥ പങ്കിനെക്കുറിച്ചും അബ്രാംസും സംശയം ഉന്നയിക്കുന്നു. “ട്രംപ് ഭരണകൂടത്തിൻ്റെ പങ്ക് എന്താണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയില്ല, പക്ഷേ, ആ സംഘർഷം അവസാനിപ്പിച്ചതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും പ്രസിഡൻ്റ് ട്രംപ് ഏറ്റെടുത്തതായി എനിക്കറിയാം,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-യുഎസ് ബന്ധത്തിലെ പിരിമുറുക്കങ്ങൾക്ക് കാരണം റഷ്യൻ എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളാണെന്നും അബ്രാംസ് ചൂണ്ടിക്കാട്ടി. റഷ്യൻ എണ്ണ വാങ്ങുന്നത് യുക്രൈനിലെ യുദ്ധത്തിന് ഇന്ധനം നൽകുന്നതിനാൽ റഷ്യയുമായുള്ള യുഎസിൻ്റെ പ്രശ്നങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.