സാൾട്ട്ലേക്ക് സിറ്റി: സ്വന്തം മരണം വ്യാജമാക്കി സ്കോട്ട്ലൻഡിലേക്ക് രക്ഷപ്പെട്ട അമേരിക്കൻ പൗരനായ നിക്കോളാസ് റോസി (38) ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നാട്ടിലേക്ക് കൈമാറിയതിന് ശേഷമാണ് ഇയാൾക്കെതിരെ വിചാരണ നടന്നത്. ബുധനാഴ്ച സാൾട്ട്ലേക്ക് സിറ്റിയിലെ ജൂറി, 2008-ൽ തൻ്റെ മുൻ കാമുകിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റോസി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
കുറ്റകൃത്യത്തിന് ശേഷം നിക്കോളാസ് റോസി തൻ്റെ മരണം വ്യാജമാക്കിയിരുന്നു. നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ ബാധിച്ച് മരിച്ചതായി ഇയാൾ ഒരു ചരമക്കുറിപ്പ് ഉണ്ടാക്കി. പിന്നീട് നിക്കോളാസ് അലാവെർദിയാൻ എന്ന പേരിൽ സ്കോട്ട്ലൻഡിലേക്ക് കടന്നു. 2021ൽ കോവിഡ്-19 ബാധിച്ച് ഗ്ലാസ്ഗോയിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മെഡിക്കൽ സ്റ്റാഫും പോലീസും ഇൻ്റർപോൾ പുറത്തിറക്കിയ നോട്ടീസിലെ ചിത്രങ്ങളുമായി ഇയാളുടെ ശരീരത്തിലെ ടാറ്റൂകൾ ഒത്തുനോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടർന്ന്, യുഎസിലേക്ക് കൈമാറാനുള്ള നടപടികൾക്കിടെ റോസി ഒരു അപ്പീൽ നൽകി. താൻ ഒരു ഐറിഷ് അനാഥനും ‘ആർത്തർ നൈറ്റ്’ എന്ന പേരിൽ അറിയപ്പെടുന്നയാളുമാണെന്ന് ഇയാൾ അവകാശപ്പെട്ടു. ആശുപത്രിയിൽ കോമയിൽ കിടക്കുമ്പോൾ തൻ്റെ ശരീരത്തിൽ ടാറ്റൂ ചെയ്തതാണെന്നും വിരലടയാളം മാറ്റിയെന്നും ഇയാൾ വാദിച്ചു. എന്നാൽ കോടതി ഈ വാദങ്ങൾ തള്ളി. തുടർന്ന് ജഡ്ജി ഇയാളെ യുഎസിലേക്ക് കൈമാറാൻ അനുമതി നൽകി.