വാഷിംഗ്ടൺ: റഷ്യൻ ആക്രമണങ്ങൾക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താൻ യുക്രൈന് 825 ദശലക്ഷം ഡോളറിന്റെ ആയുധങ്ങൾ നൽകി യുഎസ്. ഈ സൈനിക സഹായത്തിൽ ദൂരപരിധി കൂടിയ മിസൈലുകളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാന ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട വിവരമനുസരിച്ച്, നൂറുകണക്കിന് മൈലുകൾ ദൂരപരിധിയുള്ള 3,350 എക്സ്റ്റെൻഡഡ് റേഞ്ച് അറ്റാക്ക് മ്യൂണിഷൻസ് (ERAM) മിസൈലുകൾ, 3,350 ജിപിഎസ് ഗൈഡൻസ് കിറ്റുകൾ, ഘടകങ്ങൾ, സ്പെയർ പാർട്സുകൾ, ഇലക്ട്രോണിക് യുദ്ധ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഈ കരാറിൽ ഉൾപ്പെടുന്നു.
ഡെൻമാർക്ക്, നോർവേ, നെതർലാൻഡ്സ് തുടങ്ങിയ നാറ്റോ സഖ്യരാജ്യങ്ങളുടെ ജമ്പ് സ്റ്റാർട്ട് പദ്ധതി വഴിയാണ് ഈ ആയുധങ്ങൾക്കുള്ള ധനസഹായം കണ്ടെത്തുന്നത്. ഇതിനുപുറമെ യു.എസ്. വിദേശ സൈനിക ധനസഹായ പദ്ധതി വഴിയും ഫണ്ട് ലഭിക്കും. യൂറോപ്പിലെ രാഷ്ട്രീയ സ്ഥിരതയ്ക്കും സാമ്പത്തിക പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു പങ്കാളി രാജ്യത്തിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലൂടെ അമേരിക്കയുടെ വിദേശ നയവും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളും ഈ ഇടപാട് പിന്തുണയ്ക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു.













