കൊമേഷ്യൽ ട്രക്ക് ഡ്രൈവർമാർക്കുള്ള എല്ലാ വർക് വീസകളും നിർത്തലാക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റ് തീരുമാനിച്ചു. ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഇനി മുതൽ ഒരു വിദേശ പൌരനും കൊമേഷ്യൽ ട്രക്ക് ഓടിക്കാനുള്ള വർക് വീസ യുഎസ് നൽകില്ല.
“യുഎസ് റോഡുകളിൽ വലിയ ട്രാക്ടർ-ട്രെയിലർ ട്രക്കുകൾ ഓടിക്കുന്ന വിദേശ ഡ്രൈവർമാരുടെ എണ്ണം വർദ്ധിക്കുന്നത് അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കുകയും അമേരിക്കൻ ട്രക്കർമാരുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും ചെയ്യുന്നു,” എന്നാണ് മാർകോ റൂബിയോ പറഞ്ഞത്.
ഓഗസ്റ്റ് 12 ന് ഫ്ലോറിഡയിൽ ഉണ്ടായ ട്രക്ക് അപകടത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യക്കാരനായ ഹർജിന്ദർ സിംഗ് ആയിരുന്നു ട്രക്ക് ഡ്രൈവർ. ഈ സംഭവം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഹർജിന്ദർ സിംഗ് നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ച വ്യക്തിയാണെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

2018 ൽ സിംഗ് നിയമവിരുദ്ധമായി മെക്സിക്കോ അതിർത്തി കടന്ന് യുഎസിൽ എത്തിയെന്നും കാലിഫോർണിയയിൽ ഒരു വാണിജ്യ ഡ്രൈവിംഗ് ലൈസൻസ് നേടിയതായും ഫ്ലോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആൻഡ് മോട്ടോർ വെഹിക്കിൾസ് (FLHSMV) പറഞ്ഞു.
ഹർജിന്ദർ സിംഗ് ‘അശ്രദ്ധമായും മറ്റുള്ളവരുടെ സുരക്ഷയെ പരിഗണിക്കാതെയും’ വാഹനമോടിച്ചതായി പറയപ്പെടുന്നു. യു-ടേൺ എടുക്കാൻ പാടില്ലാത്ത ഒരിടത്ത് അത് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ആ സംഭവത്തിനു ശേഷം, ഒരു അനധികൃത കുടിയേറ്റക്കാരൻ അമേരിക്കൻ പൗരന്മാരുടെ ജീവൻ അപഹരിച്ച ഒരു അപകടത്തിന് കാരണക്കാരനായതിൽ ധാരാളം പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് സിംഗിന് വർക്ക് പെർമിറ്റ് നിഷേധിച്ചിരുന്നുവെന്നും എന്നാൽ ജോ ബൈഡൻ ഭരണകൂടത്തിന് കീഴിൽ അദ്ദേഹത്തിന് അത് നേടാൻ കഴിഞ്ഞെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്കും കാരണമായിട്ടുണ്ട്.
US pauses worker visas for commercial truck drivers