ട്രംപ് ഭരണകൂടത്തിൻ്റെ കൂട്ടപിരിച്ചുവിടൽ വീണ്ടും; പണി നഷ്ടമാവുക 500-ഓളം ജീവനക്കാർക്ക്, വോയ്‌സ് ഓഫ് അമേരിക്കയിൽ അടക്കം നടപടി

ട്രംപ് ഭരണകൂടത്തിൻ്റെ കൂട്ടപിരിച്ചുവിടൽ വീണ്ടും; പണി നഷ്ടമാവുക 500-ഓളം ജീവനക്കാർക്ക്, വോയ്‌സ് ഓഫ് അമേരിക്കയിൽ അടക്കം നടപടി

വാഷിംഗ്ടൺ: വോയ്‌സ് ഓഫ് അമേരിക്കയടക്കമുള്ള സർക്കാർ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര വാർത്താ ചാനലുകളുടെ തലപ്പത്തുള്ള യുഎസ് ഏജൻസി 500-ഓളം ജീവനക്കാരെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി ട്രംപ് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഈ തീരുമാനത്തോടെ, ഈ വാർത്താ ഏജൻസികളുടെ നിലനിൽപ്പിനെക്കുറിച്ചുള്ള നിയമ തർക്കങ്ങൾ പുതിയ തലത്തിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ.
വോയ്‌സ് ഓഫ് അമേരിക്ക ഡയറക്ടർ മൈക്കൽ അബ്രമോവിച്ചിനെ പിരിച്ചുവിടുന്നത് തടഞ്ഞുകൊണ്ടുള്ള ഫെഡറൽ കോടതി ഉത്തരവ് വന്ന് ഒരു ദിവസത്തിന് ശേഷമാണ് കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപനം വരുന്നത്. യു.എസ്. ഏജൻസി ഫോർ ഗ്ലോബൽ മീഡിയയുടെ (USAGM) ഇടക്കാല സിഇഒ ആയ കാരി ലേക്കാണ് ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്.

ഏജൻസിയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ താൻ മുമ്പ് നൽകിയ നിർദ്ദേശങ്ങൾ ട്രംപ് ഭരണകൂടം പാലിച്ചില്ലെന്ന് ഫെഡറൽ ജഡ്ജി റോയ്സ് ലാംബെർത്ത് കുറ്റപ്പെടുത്തിയിരുന്നു. കോടതി അലക്ഷ്യ വിചാരണ ഒഴിവാക്കാനുള്ള അവസാന അവസരമായി സെപ്റ്റംബർ 15-നകം ജീവനക്കാരുടെ അഭിഭാഷകർക്ക് മുന്നിൽ മൊഴി നൽകാൻ അദ്ദേഹം ലേക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റിംഗ് അഡ്വൈസറി ബോർഡിന്റെ ഭൂരിഭാഗം അംഗങ്ങളുടെയും അംഗീകാരമില്ലാതെ അബ്രമോവിച്ചിനെ പുറത്താക്കുന്നത് നിയമവിരുദ്ധമാണെന്ന് ലാംബെർത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കി. റിപ്പബ്ലിക്കൻ പ്രസിഡൻ്റ് റൊണാൾഡ് റീഗൻ്റെ കാലത്ത് നിയമിക്കപ്പെട്ട ജഡ്ജിയാണ് ലാംബെർത്ത്.

Share Email
Top