ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുമോഷണത്തിനെതിരെ ‘വോട്ടർ അധികാർ യാത്ര’ പ്രഖ്യാപിച്ച് ഇന്ത്യ മുന്നണി രംഗത്ത്. ഓഗസ്റ്റ് 17 മുതൽ ബിഹാറിൽ നിന്നാരംഭിച്ച് വോട്ടർമാരുടെ അവകാശ സംരക്ഷണത്തിനായി സംസ്ഥാനത്തുടനീളം യാത്ര നടത്തുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സാമൂഹികമാധ്യമമായ എക്‌സിൽ അറിയിച്ചു.
രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും ഉൾപ്പെടെ മഹാസഖ്യത്തിലെ പ്രമുഖ നേതാക്കൾ യാത്രയിൽ പങ്കെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി
ഓഗസ്റ്റ് 17-ന് സാസാരാമിൽ നിന്ന് ആരംഭിക്കുന്ന യാത്ര, ഗയ, മുംഗേർ, ഭഗൽപുർ, കടിഹാർ, പുർണിയ, മധുബനി, ധർഭംഗ, പശ്ചിം ചമ്പാരൻ തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോകും. ഓഗസ്റ്റ് 30-ന് അറയിൽ യാത്ര സമാപിക്കും. സെപ്റ്റംബർ 1-ന് പട്‌നയിൽ മെഗാ ‘വോട്ടർ അധികാർ’ റാലി സംഘടിപ്പിക്കും.
“വോട്ടുമോഷണം കേവലം തിരഞ്ഞെടുപ്പ് വിഷയമല്ല; ജനാധിപത്യത്തെയും ഭരണഘടനയെയും ‘ഒരു വ്യക്തിക്ക് ഒരു വോട്ട്’ എന്ന തത്വത്തെയും സംരക്ഷിക്കാനുള്ള നിർണായക പോരാട്ടമാണ് ഇത്,” – രാഹുൽ പറഞ്ഞു. രാജ്യമെമ്പാടും കുറ്റമറ്റ വോട്ടർ പട്ടിക ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കളോടും തൊഴിലാളികളോടും കർഷകരോടും എല്ലാ പൗരന്മാരോടും യാത്രയുടെ ഭാഗമാകാൻ രാഹുൽ ആഹ്വാനം ചെയ്തു. “ഇത്തവണ വോട്ടു കവർച്ചക്കാർ പരാജയപ്പെടും; ജനങ്ങളും ഭരണഘടനയും വിജയിക്കും,” – രാഹുൽ ഉറപ്പു നൽകി.
‘Voter Adhikar Yatra’ in Bihar; Grand Alliance campaign against voter fraud