ട്രംപിനെതിരെ നിയമപോരാട്ടത്തിന് തുടക്കമിട്ട് ഡിസി; പോലീസ് വകുപ്പിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് തടയാൻ നഗരം

ട്രംപിനെതിരെ നിയമപോരാട്ടത്തിന് തുടക്കമിട്ട് ഡിസി; പോലീസ് വകുപ്പിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് തടയാൻ നഗരം

വാഷിംഗ്ടൺ: തങ്ങളുടെ പൊലീസ് വകുപ്പിൻ്റെ നിയന്ത്രണം ട്രംപ് ഭരണകൂടം ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി സർക്കാർ കോടതിയെ സമീപിച്ചു. ഫെഡറൽ സർക്കാരിൻ്റെ ഈ പുതിയ നീക്കം തടയുന്നതിനായി അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ അറ്റോർണി ജനറൽ ബ്രയാൻ ഷ്വാബ് വെള്ളിയാഴ്ച കോടതിയിൽ ഹർജി നൽകി. വ്യാഴാഴ്ച രാത്രി യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി ഒരു ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ഈ നിയമപോരാട്ടം ആരംഭിച്ചത്.

നഗരത്തിലെ മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ (എംപിഡി) പുതിയ മേധാവിയെ നിയമിക്കാനുള്ള അധികാരം ഫെഡറൽ സർക്കാരിന് നൽകുന്നതായിരുന്നു ഈ ഉത്തരവ്. ട്രംപിന്റെ ടീം നിയമപരമായ അധികാരങ്ങൾ ലംഘിക്കുകയും തലസ്ഥാന നഗരിക്ക് വേണ്ടിയുള്ള നിയമങ്ങൾ തെറ്റിക്കുകയാണെന്നും ഷ്വാബ് ആരോപിച്ചു.

ട്രംപ് ഭരണകൂടത്തിൻ്റെ പദ്ധതി അനുസരിച്ച്, ഡ്രഗ് എൻഫോഴ്സ്മെൻ്റ് അഡ്മിനിസ്ട്രേഷൻ്റെ (ഡിഇഎ) മേധാവി ടെറി കോൾ, വാഷിംഗ്ടൺ ഡിസിയിൽ എമർജൻസി പോലീസ് കമ്മീഷണറായി ചുമതലയേൽക്കും. നഗരത്തിലെ പോലീസ് മേധാവിയുടെ എല്ലാ അധികാരങ്ങളും ചുമതലകളും കോളിനുണ്ടാകുമെന്ന് ബോണ്ടി പറഞ്ഞു. എംപിഡി ജീവനക്കാർ ഏതെങ്കിലും ഉത്തരവുകൾ നൽകുന്നതിന് മുമ്പ് കോളിന്റെ അനുമതി വാങ്ങേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു. ഇത് നഗരത്തിലെ നിലവിലെ പോലീസ് മേധാവി പമേല സ്മിത്തിൻ്റെ അധികാരത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

Share Email
Top