ഡൽഹി: അമേരിക്ക ഇന്ത്യയുടെ ഉൽപ്പന്നങ്ങൾക്ക് 50% അധിക തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തിൽ, തങ്ങളുടെ കയറ്റുമതിക്കാരെ സംരക്ഷിക്കുന്നതിനായി ശക്തമായ നടപടികളെടുക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ആഭ്യന്തര വിപണിയും മറ്റ് രാജ്യങ്ങളിലെ പുതിയ വിപണികളും ലക്ഷ്യമിട്ടുള്ള നയങ്ങൾ സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കൂടാതെ, ചരക്ക് സേവന നികുതിയിലും (ജിഎസ്ടി) മാറ്റങ്ങൾ വരുത്തി ആഭ്യന്തര ഉത്പാദന മേഖലക്ക് ഉത്തേജനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് കൂടുതൽ അവസരങ്ങൾ കണ്ടെത്താനും, ലോകത്ത് നിലവിലുള്ള വ്യാപാര അനിശ്ചിതത്വങ്ങൾക്കിടയിലും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കയറ്റുമതി കൈവരിക്കുമെന്നും ഗോയൽ വ്യക്തമാക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും, ഇന്ത്യയുടെ ആഗോള വ്യാപാര വിഹിതം ചെറുതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ജനതയ്ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവുമുണ്ട്. ആരും ഇന്ത്യയെ വിവേചനപരമായി കൈകാര്യം ചെയ്യാൻ ശ്രമിക്കരുത്. അങ്ങനെയുണ്ടായാൽ നമ്മൾ ഒരിക്കലും തലകുനിക്കില്ല, ദുർബലരാകില്ല. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.