വാഷിംഗ്ടൺ: ടിക് ടോക്കിന്‍റെ ഭാവി തന്നെ അനിശ്ചിതമായിരിക്കെ, വൈറ്റ് ഹൗസ് സ്വന്തമായി ഒരു ടിക്ടോക് അക്കൗണ്ട് ആരംഭിച്ചു. ടിക് ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് (Bytedance) അമേരിക്കൻ കമ്പനിക്ക് വിൽക്കാനുള്ള സമയപരിധി അടുത്തിരിക്കെയാണ് ഈ നീക്കം.
മുൻ പ്രസിഡന്റ് ജോ ബൈഡന്‍റെ ഭരണകാലത്ത് പാസാക്കിയ നിയമം അനുസരിച്ച്, ടിക് ടോക്ക് വിൽക്കുകയോ അല്ലെങ്കിൽ യുഎസിൽ നിരോധിക്കുകയോ വേണം. എന്നാൽ, പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഈ സമയപരിധി പലതവണ നീട്ടിനൽകിയിരുന്നു. പുതിയ സമയപരിധി സെപ്റ്റംബർ 17 ആണ്.
ടിക് ടോക്കിന്‍റെ ചൈനീസ് ഉടമസ്ഥത യുഎസിന്‍റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മുൻപ് ഇരു പാർട്ടികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ വർഷം നിയമം പാസാക്കുകയും ചെയ്തു. എന്നാൽ, ജൂണിൽ സമയപരിധി നീട്ടിയതോടെ 170 ദശലക്ഷം അമേരിക്കൻ ഉപഭോക്താക്കൾക്ക് ആപ്പ് തുടർന്നും ഉപയോഗിക്കാൻ സാധിച്ചു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകൾ നടക്കുന്നതിനിടെയാണ് സമയപരിധി നീട്ടിയത്. ടിക് ടോക്കിന്‍റെ യുഎസിലെ ഭാവി ഇപ്പോഴും വ്യക്തമല്ല. എന്നാൽ, വൈറ്റ് ഹൗസിന്‍റെ ഈ പുതിയ അക്കൗണ്ട് ആപ്പ് നിലനിൽക്കാൻ സാധ്യതയുണ്ടെന്നതിന്‍റെ സൂചന നൽകുന്നു.