വാഷിങ്ടണ്‍: ഇന്ത്യക്കുനേരെ വീണ്ടും തീരുവഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കു മേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് തന്റെ സാമൂഹികമാധ്യമമായ സോഷ്യലില്‍ അദ്ദേഹം വ്യക്തമാക്കി. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാണിച്ചാണ് യുഎസ് പ്രസിഡന്റിന്റെ നീക്കം.
ഇന്ത്യ, വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതില്‍ ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു. യുക്രൈനില്‍ എത്രയാളുകള്‍ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. അതിനാല്‍ ഇന്ത്യ, യുഎസ്എയ്ക്ക് നല്‍കേണ്ടുന്ന തീരുവ ഞാന്‍ ഉയര്‍ത്തും, ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്‍റെ പ്രഖ്യാപനമുണ്ടായത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെപേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസ്സങ്ങളും റഷ്യയില്‍നിന്ന് ഇന്ത്യ വലിയതോതില്‍ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. യുക്രൈനിലെ കൂട്ടക്കൊല നിര്‍ത്താന്‍ എല്ലാവരുമാവശ്യപ്പെടുന്ന സാഹചര്യത്തില്‍പ്പോലും റഷ്യയില്‍നിന്ന് ഇന്ത്യ കൂടുതല്‍ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
Will raise tariffs again US threatens India again