വിഷം കലർത്തിയ ശീതളപാനീയം നൽകി കാമുകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

വിഷം കലർത്തിയ ശീതളപാനീയം നൽകി കാമുകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

കോതമംഗലം: സാമ്പത്തിക തർക്കത്തെ തുടർന്ന് കാമുകനെ വിഷം കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. പിണ്ടിമന മാലിപ്പാറ സ്വദേശി അഥീന (30) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. ടിപ്പർ ലോറി ഡ്രൈവറായ മാതിരപ്പിള്ളി മേലേത്തുമാലിൽ അൻസിൽ അലിയാറാണ് (38) കൊല്ലപ്പെട്ടത്.

തിരുവനന്തപുരത്തെ ഷാരോൺ വധക്കേസിനോട് സമാനമായ രീതിയിലായിരുന്നു ഈ കൊലപാതകം. കഴിഞ്ഞ ബുധനാഴ്ച രാത്രി അഥീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് അൻസിലിനെ വിളിച്ചുവരുത്തി. അൻസിൽ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ കളനാശിനി കലർത്തിയ ശീതളപാനീയം നൽകുകയായിരുന്നു.

വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ അൻസിലിനെ, ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് വരുത്തിത്തീർത്ത് അഥീന തന്നെ പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടർന്ന് പോലീസും ബന്ധുക്കളുമെത്തി അൻസിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് മരണം സംഭവിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അബോധാവസ്ഥയിലായിരുന്ന അൻസിൽ ബോധം വന്നപ്പോൾ, അഥീനയാണ് വിഷം നൽകിയതെന്ന് ബന്ധുവിനോട് വെളിപ്പെടുത്തിയത് കേസിൽ വഴിത്തിരിവായി.

ഇരുവരും ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇവർക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. അൻസിൽ തന്നെ മർദ്ദിച്ചെന്ന് കാണിച്ച് ഒരു വർഷം മുൻപ് അഥീന കോതമംഗലം പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും രണ്ടാഴ്ച മുൻപ് അത് പിൻവലിച്ചിരുന്നു. ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് അൻസിൽ പണം നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഥീന പോലീസിനോട് പറഞ്ഞത്.

കൂടാതെ, അഥീന മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിന് തടസ്സമാകുമെന്നതിനാലാണ് അൻസിലിനെ കൊലപ്പെടുത്തിയതെന്നും പോലീസ് കണ്ടെത്തി. തിരുവനന്തപുരത്തെ ഷാരോൺ വധക്കേസിൽ ഉപയോഗിച്ച ‘പാരക്വിറ്റ്’ എന്ന അതേ കീടനാശിനിയാണ് അഥീനയും ഉപയോഗിച്ചത്. ചേലാടുള്ള ഒരു കടയിൽ നിന്നാണ് കീടനാശിനി വാങ്ങിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അഥീനയെ കോടതി റിമാൻഡ് ചെയ്തു. അൻസിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കീടനാശിനിയുടെ കുപ്പിയും അൻസിലിന്റെ മൊബൈൽ ഫോണും കണ്ടെടുത്തു.

അൻസിലിന്റെ മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതൽ കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. വിവാഹിതനായ അൻസിലിന് ഒരു മകളുണ്ട്.

Woman arrested for killing boyfriend by giving him poisoned soft drink

Share Email
LATEST
Top