ആറ് മാസത്തെ നിയമ പോരാട്ടം വിജയിച്ച് യുവതി, ഇൻഡിഗോക്ക് വൻതുക പിഴയിട്ട് കോടതി; കാരണം വൃത്തിഹീനമായ സീറ്റ്

ആറ് മാസത്തെ നിയമ പോരാട്ടം വിജയിച്ച് യുവതി, ഇൻഡിഗോക്ക് വൻതുക പിഴയിട്ട് കോടതി; കാരണം വൃത്തിഹീനമായ സീറ്റ്

ഡൽഹി: അസർബൈജാനിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ വൃത്തിഹീനവും കറപുരണ്ടതുമായ സീറ്റ് നൽകിയതിന് ഇൻഡിഗോ എയർലൈൻസിന് ദില്ലി ജില്ലാ കൺസ്യൂമർ കോടതി 1.75 ലക്ഷം രൂപ പിഴ വിധിച്ചു. യാത്രക്കാരിയായ യുവതിക്ക് നൽകിയ സീറ്റ് അപരിഷ്കൃതവും പൊട്ടിപ്പൊളിഞ്ഞതുമായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഈ അനുഭവം യുവതിക്ക് മാനസികവും ശാരീരികവുമായ അസ്വസ്ഥത ഉണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു.

ചാണക്യപുരി സ്വദേശിനിയായ യുവതി, ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ഡിസംബറിൽ നടത്തിയ യാത്രയ്ക്കിടെയാണ് ഈ ദുരനുഭവം നേരിട്ടത്. സീറ്റ് മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും, വിമാനത്തിൽ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടിരുന്നതിനാൽ മാറ്റം സാധ്യമായില്ല. ഇതേത്തുടർന്ന് യുവതി നടത്തിയ ആറ് മാസത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.

ഇൻഡിഗോ എയർലൈൻസ് യാത്രക്കാരിയുടെ പരാതിയോട് നിസ്സംഗവും അനുചിതവുമായ സമീപനം സ്വീകരിച്ചതായി കോടതി വിമർശിച്ചു. പരാതിയെ എതിർക്കാൻ എയർലൈൻസ് ശ്രമിച്ചെങ്കിലും, സിച്വേഷൻ ഡാറ്റ ഡിസ്പ്ലേ റിപ്പോർട്ട് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടത് അവരുടെ വാദത്തെ ദുർബലമാക്കി. യുവതിക്ക് മാനസിക-ശാരീരിക അസ്വസ്ഥതകൾക്ക് 1.5 ലക്ഷം രൂപയും, വ്യവഹാര ചെലവിനായി 25,000 രൂപയും നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടു.

Share Email
LATEST
More Articles
Top