വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി യൂറോപ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. വാഷിംഗ്ടൺ ഡിസിയിലെ യുക്രേനിയൻ എംബസിയിലായിരിക്കും യോഗം നടക്കുകയെന്ന് ഈ വിഷയവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ കൂടിക്കാഴ്ച ആസൂത്രണം ചെയ്തിരുന്നതായും അവർ പറഞ്ഞു. യുഎസ് പ്രസിഡൻ്റുമായും അദ്ദേഹത്തിൻ്റെ പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് തങ്ങളുടെ നിലപാടുകൾ ഏകോപിപ്പിക്കാനാണ് ഈ യോഗമെന്ന് പ്രതീക്ഷിക്കുന്നു.
യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും കൂടിക്കാഴ്ച നടത്താൻ തയ്യാറെടുക്കുന്നതിന് മുന്നോടിയായി, ഇന്ന് വൈറ്റ് ഹൗസിൽ ഒരു വലിയ ദിവസമാണ് എന്നാണ് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചത്.
“വൈറ്റ് ഹൗസിൽ ഒരു വലിയ ദിവസം. ഇത്രയധികം യൂറോപ്യൻ നേതാക്കൾ ഒരേസമയം ഇവിടെ വരുന്നത് ഇതാദ്യമാണ്. ഇത് അമേരിക്കക്ക് വലിയ ബഹുമതിയാണ്!!! ഫലങ്ങൾ എന്തായിരിക്കുമെന്ന് നമുക്ക് കാണാം,” പ്രസിഡൻ്റ് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു.
ഈ കൂടിക്കാഴ്ചകൾക്ക് തലേദിവസം, യുദ്ധം അവസാനിപ്പിക്കണമെങ്കിൽ റഷ്യയുടെ ചില നിബന്ധനകൾ അംഗീകരിക്കാൻ യുക്രെയ്ൻ തയ്യാറാകണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിൽ ക്രിമിയ റഷ്യക്ക് വിട്ടുകൊടുക്കുകയും നാറ്റോയിൽ ഒരിക്കലും ചേരില്ലെന്ന് സമ്മതിക്കുകയും ചെയ്യണമെന്ന നിബന്ധനകളാണ് ട്രംപ് മുന്നോട്ടുവെച്ചത്.