വാഷിങ്ടൻ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്. ഡാലസിലെ ഫെഡറൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഓഫിസിൽ ബുധനാഴ്ച രാവിലെ 7.30-ന് നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
വെടിവയ്പ്പ് നടത്തിയ അക്രമിയെ സമീപത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കണ്ടെത്തി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്, അവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന്റെ കാരണവും അക്രമിയുടെ ഉദ്ദേശ്യവും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













