വാഷിങ്ടൺ: 1981 മുതൽ വൈറ്റ് ഹൗസിനു മുന്നിലെ ലഫീയെറ്റ് പാർക്കിൽ ഒരു ചെറിയ കൂടാരം നിന്നിരുന്നു. അതിനുള്ളിൽ ഒരു യുദ്ധവിരുദ്ധ പ്രക്ഷോഭകനും, യുദ്ധത്തിനെതിരായ മുദ്രാവാക്യങ്ങൾ എഴുതിയ പലകകളും. ഈ കൂടാരം പൊളിക്കാൻ വൈറ്റ് ഹൗസിലെ മാറിമാറി വന്ന പ്രസിഡന്റുമാരോ വാഷിങ്ടൺ മുനിസിപ്പാലിറ്റിയോ ശ്രമിച്ചിരുന്നില്ല. യുദ്ധവിരുദ്ധ പ്രവർത്തകർ ഇവിടം സന്ദർശിക്കുകയും വിനോദസഞ്ചാരികൾ കൗതുകത്തോടെ നോക്കുകയും ചെയ്തിരുന്നു. 1981-ൽ വില്യം തോംസൺ ആണവായുധങ്ങള്‍ക്കും ലോകയുദ്ധങ്ങൾക്കുമെതിരെ ഈ കുടിൽ സമരം ആരംഭിച്ചു. 2009-ൽ തോംസന്റെ മരണത്തോടെ ഫിലിപ്പോസ് മെലാകു ബെലോ ഈ സമരം ഏറ്റെടുത്തു.
എന്നാൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം ഞായറാഴ്ച പോലീസ് ഈ കൂടാരം പൊളിച്ചു. ഫിലിപ്പോസ് മെലാകു ബെലോയെ അവിടെനിന്ന് ഒഴിപ്പിച്ചു. വാഷിങ്ടണിനെ ‘ശുചീകരിക്കുന്നതിന്റെ’ ഭാഗമായി ഭവനരഹിതരെ നീക്കം ചെയ്യുന്ന നടപടിയുടെ ഭാഗമായാണ് ഈ പ്രവൃത്തി എന്നാണ് വൈറ്റ് ഹൗസിന്റെ വാദം. എന്നാൽ, തന്റെ കൂടാരം ഭവനരഹിതന്റേതല്ലെന്നും, ഈ പൗരാവകാശ ലംഘനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും മെലാകു പ്രതികരിച്ചു. വൈറ്റ് ഹൗസും പരിസരവും സന്ദർശിക്കുന്നവർക്ക് ഈ കൂടാരം ഭീഷണിയാണെന്നാണ് വൈറ്റ് ഹൗസിന്റെ അവകാശവാദം.