അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം രാജ്യവ്യാപകമായി ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. ഇന്റർനെറ്റ് ഉപയോഗം ‘അധാർമികമായ’ കാര്യങ്ങൾക്ക് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാൻ ഇന്റർനെറ്റ് നിരോധിച്ചത് . ഇതോടെ രാജ്യത്തെ ടെലികോം സേവനങ്ങൾ താറുമാറായി.
ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്ബ്ലോക്സിന്റെ റിപ്പോർട്ട് അനുസരിച്ച്, അഫ്ഗാനിസ്ഥാനിൽ നിലവിൽ മൊബൈൽ ഇന്റർനെറ്റ്, സാറ്റലൈറ്റ് ടിവി ഉൾപ്പെടെയുള്ള എല്ലാ കമ്മ്യൂണിക്കേഷൻ സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. തലസ്ഥാനമായ കാബൂളിലെ മൊബൈൽ ഫോൺ ബന്ധങ്ങൾ പോലും വിച്ഛേദിക്കപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഈ നിരോധനം സാധാരണ ജനജീവിതത്തെയും വ്യാപാര-ബാങ്കിംഗ് മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
അധികാരം പിടിച്ചെടുത്ത ശേഷം താലിബാൻ ഇസ്ലാമിക നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇന്റർനെറ്റ് നിരോധനം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നത്. ഇത് താലിബാന്റെ കീഴിൽ രാജ്യത്ത് വർധിച്ചു വരുന്ന യാഥാസ്ഥിതിക നിയന്ത്രണങ്ങളെയാണ് സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസം, പൊതു ഇടങ്ങളിലെ സ്വാതന്ത്ര്യം തുടങ്ങിയ നിരവധി കാര്യങ്ങളിൽ താലിബാൻ നേരത്തെയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഈ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.











