അമേരിക്കൻ പൗരന്മാർ നന്നായി പ്രാർത്ഥിക്കണം, ‘അമേരിക്ക പ്രെയ്സ്’; പുതിയ പ്രാർത്ഥനാ പദ്ധതിയുമായി ട്രംപ്

അമേരിക്കൻ പൗരന്മാർ നന്നായി പ്രാർത്ഥിക്കണം, ‘അമേരിക്ക പ്രെയ്സ്’; പുതിയ പ്രാർത്ഥനാ പദ്ധതിയുമായി ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പൗരന്മാരെ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ പ്രോത്സാഹിപ്പിക്കുന്ന “അമേരിക്ക പ്രെയ്സ്” എന്ന പുതിയ പദ്ധതി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വാഷിംഗ്ടൺ ഡി.സി.യിലെ മ്യൂസിയം ഓഫ് ദി ബൈബിളിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

​രാജ്യം സ്ഥാപിതമായതിന്റെ 250-ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രൂപ്പുകളായി പ്രതിവാര പ്രാർത്ഥനകൾ നടത്താൻ ഈ പദ്ധതി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

​”ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിൻ്റെ 250-ാം വാർഷികത്തോട് അടുക്കുമ്പോൾ, നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ പ്രസിഡന്റ് ട്രംപ് അമേരിക്കക്കാരെ ക്ഷണിക്കുന്നു. പ്രാർത്ഥനയുടെ ശക്തിയിൽ അമേരിക്ക കൂടുതൽ ശക്തമാണ്,” വൈറ്റ് ഹൗസ് വക്താവ് ടെയ്ലർ റോജേഴ്‌സ് പറഞ്ഞു.

​നേരത്തെ, മെയ് മാസത്തിൽ ട്രംപ് ഒരു എക്സിക്യൂട്ടീവ് ഓർഡർ വഴി റിലീജിയസ് ലിബർട്ടി കമ്മീഷൻ സ്ഥാപിച്ചിരുന്നു. മുൻ ഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതസ്വാതന്ത്ര്യം പരിമിതപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ടാണ് ഈ കമ്മീഷൻ രൂപീകരിച്ചത്. പുതിയ പ്രാർത്ഥനാ പദ്ധതിയുടെ പ്രഖ്യാപനം നടന്നത് ഈ കമ്മീഷൻ്റെ യോഗത്തിനിടെയാണ്.

​ട്രംപിൻ്റെ സന്ദർശനത്തിന് വേദിയായ മ്യൂസിയം ഓഫ് ദി ബൈബിൾ, 2017-ൽ തുറന്ന ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. സ്മിത്സോണിയൻ മ്യൂസിയം ശൃംഖലയുമായി ഇതിന് ബന്ധമില്ല. സ്മിത്സോണിയൻ സ്ഥാപനങ്ങളെയും നാഷണൽ ഗാലറി ഓഫ് ആർട്ടിനെയും വിമർശിച്ചതിന് ശേഷം ട്രംപ് ആദ്യമായി ഒരു മ്യൂസിയം സന്ദർശിക്കുന്നത് ഇതാദ്യമാണ്.

Share Email
Top