കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളെ ഏറ്റെടുത്ത് അമേരിക്കൻ കമ്പനികൾ; ചികിത്സാ നിരക്കുകൾ കുത്തനെ വർധിപ്പിക്കാൻ സാധ്യത

കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളെ ഏറ്റെടുത്ത് അമേരിക്കൻ കമ്പനികൾ; ചികിത്സാ നിരക്കുകൾ കുത്തനെ വർധിപ്പിക്കാൻ സാധ്യത

ന്യൂയോർക്ക് : കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് അമേരിക്കൻ കമ്പനികൾ; ചികിത്സാ മേഖലയിൽ ആശങ്ക. നിലവിൽ മറ്റു സ്വകാര്യ ആശുപത്രികളുമായി കരാറിലേർപ്പെടാനും ഈ കമ്പനികൾ ഒരുങ്ങുന്നു. കോടികളുടെ വിദേശ നിക്ഷേപം സ്വീകരിച്ച ഈ ആശുപത്രികൾ ചികിത്സാ നിരക്കുകൾ കുത്തനെ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക ആരോഗ്യ വിദഗ്ധർ പങ്കുവയ്ക്കുന്നു. സ്വകാര്യ ആശുപത്രികൾ ആഗോള കോർപ്പറേറ്റ് കമ്പനികൾ ഏറ്റെടുക്കുന്നതോടെ കേരളത്തിലെ സ്വകാര്യ ചികിത്സാ മേഖല ഒരു ‘ടൂറിസം മേഖല’യായി മാറിയേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കെ.കെ.ആർ. എന്ന സാമ്പത്തിക ഭീമൻ

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനമായ കോൾബെർഗ് ക്രാവിസ് റോബർട്‌സ് (കെ.കെ.ആർ.) ആണ് കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ പ്രധാന നിക്ഷേപം നടത്തുന്നത്. ഡൊണാൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ കമ്പനി, തൊടുപുഴയിലെ ചാഴിക്കാട്ട് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഏറ്റെടുത്തുകൊണ്ടാണ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിലും മെയ്ത്ര ഹോസ്പിറ്റലിലും കെ.കെ.ആർ. വലിയ തുക നിക്ഷേപിച്ചു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ 2,500 കോടി രൂപയും മെയ്ത്രയിൽ 1,200 കോടി രൂപയുമാണ് കെ.കെ.ആർ. നിക്ഷേപിച്ചത്. ഈ നിക്ഷേപങ്ങളിലൂടെ കമ്പനി ഡയറക്ടർ ബോർഡിൽ സ്ഥാനം നേടിയെങ്കിലും നടത്തിപ്പ് ചുമതല നിലവിലെ മാനേജ്‌മെന്റിനു തന്നെയാണുള്ളത്.

ബ്ലാക്ക്‌സ്‌റ്റോണിന്റെ രംഗപ്രവേശം

മറ്റൊരു അമേരിക്കൻ കമ്പനിയായ ബ്ലാക്ക്‌സ്‌റ്റോൺ, തിരുവനന്തപുരം ആസ്ഥാനമായ കിംസ് ആശുപത്രിയെയാണ് ഏറ്റെടുത്തത്. കെയർ ആശുപത്രി ശൃംഖലയുടെ പേരിൽ കിംസിന്റെ 85 ശതമാനം ഉടമസ്ഥാവകാശമാണ് ബ്ലാക്ക്‌സ്‌റ്റോൺ കരസ്ഥമാക്കിയത്. 3,500 കോടി രൂപയുടെ നിക്ഷേപമാണ് കിംസിൽ ബ്ലാക്ക്‌സ്‌റ്റോൺ നടത്തിയത്. ഇതിനു പുറമെ, ഡോ. ആസാദ് മൂപ്പൻ്റെ നേതൃത്വത്തിലുള്ള ആസ്റ്റർ ഡി.എമ്മിലും ബ്ലാക്ക്‌സ്‌റ്റോൺ നിക്ഷേപം നടത്തിയിട്ടുണ്ട്.

ആരോഗ്യ വിദഗ്ധരുടെ ആശങ്ക

സ്വകാര്യ ആരോഗ്യ മേഖലയിലെ ഈ വിദേശ കമ്പനികളുടെ കടന്നുവരവിൽ ആരോഗ്യ വിദഗ്ധരും സംസ്ഥാന സർക്കാരും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ചികിത്സാ ചെലവ് കുത്തനെ വർധിക്കാനും, സാധാരണക്കാർക്ക് താങ്ങാനാവാത്ത നിലയിലേക്ക് ആരോഗ്യ ചികിത്സാ മേഖല മാറാനും ഇത് ഇടയാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആഗോള കോർപ്പറേറ്റുകൾ ലാഭം മാത്രം ലക്ഷ്യമിട്ടാണ് വരുന്നതെന്നും, ഈ മാറ്റത്തെ സമൂഹം കരുതലോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു. ഈ വിദേശ നിക്ഷേപങ്ങൾ ആശുപത്രി ശൃംഖലകൾക്ക് വളരാനുള്ള അവസരം ഒരുക്കുമെങ്കിലും, പ്രൊമോട്ടർ ഗ്രൂപ്പിനെ നിലനിർത്തിക്കൊണ്ടുള്ള ബിസിനസ് വളർച്ചയാണ് നിക്ഷേപക സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത്. ഇതിലൂടെ പൂർണ്ണമായ ഏറ്റെടുക്കൽ നടത്താതെയും നിലവിലെ മാനേജ്‌മെന്റിൽ മാറ്റം വരുത്താതെയും മുന്നോട്ട് പോകാനാണ് ഈ കമ്പനികൾ ശ്രമിക്കുന്നത്.

American companies take over leading private hospitals in Kerala; treatment rates likely to increase sharply

Share Email
LATEST
Top