ഇന്ത്യയെയും മോദിയെയും വിമര്‍ശിച്ച പീറ്റര്‍ നവാരോയെ ട്രംപിന്റെ സംഘത്തില്‍നിന്ന് നീക്കണമെന്ന് അമേരിക്കയിലെ ഹിന്ദു സംഘടന

ഇന്ത്യയെയും  മോദിയെയും വിമര്‍ശിച്ച പീറ്റര്‍ നവാരോയെ ട്രംപിന്റെ സംഘത്തില്‍നിന്ന് നീക്കണമെന്ന് അമേരിക്കയിലെ ഹിന്ദു സംഘടന

വാഷിങ്ടണ്‍: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച പീറ്റര്‍ നവാരോയെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തില്‍നിന്ന് നീക്കണമെന്ന് അമേരിക്കയിലെ ഹിന്ദു സംഘടനയായ ഹിന്ദൂസ് എഗെയ്ന്‍സ്റ്റ് ഡിഫമേഷന്‍ (AHAD) ആവശ്യപ്പെട്ടു. നവാരോയുടെ പരാമര്‍ശങ്ങള്‍ അനുചിതവും ഹിന്ദു വിരുദ്ധവുമാണെന്ന് എഎച്ച്എഡി പ്രതികരിച്ചു. നവാരോയുടെ ജാതിയെക്കുറിച്ചുള്ള പരാമര്‍ശത്തെയും സംഘടന അപലപിച്ചു. മോദി ഒരു പുണ്യ ഹൈന്ദവ പ്രാര്‍ഥനയില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ചിത്രീകരിച്ചതിനെയും ഗ്രൂപ്പ് വിമര്‍ശിച്ചു.

ഇന്ത്യയിലെ ഹിന്ദുക്കളുടെ അന്തസ്സിനെ അപകടത്തിലാക്കുകയും രണ്ട് വലിയ ജനാധിപത്യരാജ്യങ്ങള്‍ തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധത്തിന് ഭീഷണിയാവുകയും ചെയ്യുന്ന അവിവേകംകൂടിയാണ് അദ്ദേഹം ചെയ്തതെന്നും വിമര്‍ശനമറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പില്‍ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്ത് ബ്രാഹ്‌മണര്‍ ലാഭമുണ്ടാക്കുന്നു എന്ന പരാമര്‍ശത്തെയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പരാമര്‍ശം ഒരു കൊളോണിയല്‍ വാര്‍പ്പു മാതൃകയാണ്. ഇതൊരു വിമര്‍ശനമല്ല, ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനും ഇന്ത്യയെ സഹജമായി അനീതിയുള്ള നാടായി ചിത്രീകരിക്കാനുമായി ഉപയോഗിക്കുന്ന ഒരു കൊളോണിയല്‍ ആഖ്യാനവുമാണെന്നും ഗ്രൂപ്പ് വിമര്‍ശിച്ചു.

ഇത് വിദേശനയമല്ല, ഹിന്ദു വിരോധം ആയുധമാക്കിയുള്ളതാണെന്ന് ഹിന്ദുപാക്ട് എക്‌സിക്യുട്ടീവ് ചെയര്‍മാനായ അജയ് ഷാ പറഞ്ഞു. കൊളോണിയല്‍ തിരക്കഥകളിലൂടെ ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതിലൂടെ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുകയല്ല, മറിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. നവാരോയെപ്പോലെയുള്ളവര്‍ക്ക് അമേരിക്കന്‍ രാഷ്ട്രീയ ജീവിതത്തില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി, യുക്രെയ്നെതിരായുള്ള റഷ്യയുടെ യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി ധനസഹായം നല്‍കുന്നുവെന്ന് ആരോപിച്ച് വൈറ്റ് ഹൗസ് ഉപദേഷ്ടാവായ നവാരോ ഇന്ത്യക്കെതിരായ വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്ത്യ ഈ എണ്ണ പുറംരാജ്യങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ വിറ്റ് ലാഭമുണ്ടാക്കുന്നു. ഇന്ത്യക്കാരന്റെ ചെലവില്‍ ബ്രാഹ്‌മണര്‍ ലാഭമുണ്ടാക്കുകയാണെന്ന് നവാരോ പറഞ്ഞിരുന്നു. മോദി പുതിനുമായും ഷി ജിന്‍പിങ്ങുമായും കൂട്ടുചേരുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

American Hindu organization demands removal of Peter Navarro from Trump’s team for criticizing India and Modi

Share Email
Top