കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ തുടരുന്നു. ഇന്നലെ മലപ്പുറം സ്വദേശിയായ പതിമൂന്നുകാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
നിലവിൽ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇതിനുപുറമെ, രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയായ ഒരാൾ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുന്നുണ്ട്.
കഴിഞ്ഞ ഒന്നര മാസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഏഴ് പേർ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ച ചാവക്കാട് സ്വദേശിയുടെ രോഗ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. അമീബയുടെ സാന്നിധ്യം കണ്ടെത്താൻ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.













