തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജലപീരങ്കിക്കായി ഉപയോഗിക്കുന്ന വെള്ളത്തിലൂടെ രോഗം പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
കൊച്ചി യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് സൽമാൻ ഇത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നൽകി. ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് വിവിധ വിഷയങ്ങളിൽ നിരവധി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പ്രതിഷേധക്കാർ അതിരുവിടുമ്പോൾ പോലീസിന്റെ പ്രധാന പ്രതിരോധമാർഗ്ഗം ജലപീരങ്കിയാണ്. ശക്തമായി ചീറ്റുന്ന വെള്ളം മൂക്കിലൂടെ തലച്ചോറിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് രോഗബാധയ്ക്ക് കാരണമാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പോലീസ് ക്യാമ്പുകളിലെ കുളങ്ങളിൽനിന്നും കിണറുകളിൽനിന്നുമാണ് സാധാരണയായി ജലപീരങ്കിയിൽ വെള്ളം നിറയ്ക്കുന്നത്. അമീബിക് മസ്തിഷ്‌കജ്വരം പടരുന്ന സാഹചര്യത്തിൽ, സമരക്കാരെ നേരിടാൻ മലിനജലം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.













