ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ സര്‍ക്കാര്‍വിരുദ്ധ കലാപത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം എട്ടായി. ഒരാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും അടിച്ചമര്‍ത്താനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയവില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തിങ്കളാഴ്ചയും തലസ്ഥാനനഗരമായ ജക്കാര്‍ത്തയിലെ പാര്‍ലമെന്റ് കെട്ടിടത്തിന് മുന്നില്‍ അഞ്ഞൂറോളം പേരാണ് പ്രതിഷേധവുമായെത്തിയത്. ഇതിനുപുറമേ രാജ്യത്തെ വിവിധ നഗരങ്ങളിലായി വിദ്യാര്‍ഥികളടക്കം നൂറുക്കണക്കിന് പേര്‍ തിങ്കളാഴ്ചയും തെരുവിലിറങ്ങി.
പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള വേതനവും ഹൗസിങ് അലവന്‍സും കുത്തനെ വര്‍ധിപ്പിച്ചതോടെയാണ് ഇന്‍ഡൊനീഷ്യയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള ഹൗസിങ് അലവന്‍സ് മാത്രം പത്തിരട്ടിയോളമാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പ്രതിഷേധത്തിനിടെ ഡെലിവറി ബോയ് ആയ 21-കാരന്‍ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതോടെ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ജക്കാര്‍ത്തയ്ക്ക് പുറമേ മറ്റുനഗരങ്ങളിലേക്കും കലാപം പടര്‍ന്നു.
പ്രതിഷേധം ശക്തമായതോടെ ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുഭിയാന്റോ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും പിന്‍വലിച്ചെങ്കിലും സമരങ്ങള്‍ കെട്ടടങ്ങിയില്ല. ഇതോടെയാണ് പോലീസിനെ ഉപയോഗിച്ച് കലാപം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. രാജ്യത്തെ കലാപസാഹചര്യം കാരണം ചൈനയില്‍ നടന്ന എസ്.സി.ഒ ഉച്ചകോടിയിലും പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. നിലവില്‍ ജക്കാര്‍ത്തയിലടക്കം വന്‍ പോലീസ് സന്നാഹമാണുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപുറമേ സൈന്യത്തിന്റെ പട്രോളിങ്ങും ശക്തമാക്കി. പ്രധാനകേന്ദ്രങ്ങളില്‍ സ്‌നൈപര്‍മാരെയും വിന്യസിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 25-ന് ജക്കാര്‍ത്തയിലായിരുന്നു സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടക്കം. എന്നാല്‍, പോലീസ് വാഹനമിടിച്ച് 21-കാരനായ അഫാന്‍ കുര്‍നിയാവാന്‍ കൊല്ലപ്പെട്ടതോടെ പ്രതിഷേധം അക്രമാസക്തമായി. രാജ്യത്തുടനീളം കലാപം വ്യാപിച്ചു. പ്രതിഷേധക്കാര്‍ രാഷ്ട്രീയനേതാക്കളുടെ വീടുകള്‍ വ്യാപകമായി കൊള്ളയടിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കൈയേറുകയും അഗ്നിക്കിരയാക്കുകയുംചെയ്തു. വിവിധ പ്രവിശ്യകളിലെ അസംബ്ലി കൗണ്‍സില്‍ കെട്ടിടങ്ങളും കത്തിച്ചു.
വിദ്യാര്‍ഥികളടക്കമുള്ളവരാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ളത്. രാജ്യത്ത് കലാപം വ്യാപിച്ചതോടെ സാമൂഹികമാധ്യമമായ ടിക് ടോക് ഇന്‍ഡൊനീഷ്യയില്‍ ലൈവ് സ്ട്രീമിങ് ഫീച്ചര്‍ ഉള്‍പ്പെടെ നിര്‍ത്തിവെച്ചിരുന്നു.
Anti-government riots in Indonesia: Death toll rises to eight