തപാൽ സംവിധാനത്തെ കൂടുതൽ വികസിപ്പിക്കുകയും പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതിനായി ബഹ്‌റൈൻ പോസ്റ്റ് ഇലക്ട്രോണിക് ലോക്കർ സേവനം ആരംഭിച്ചു. ഗതാഗത-ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയമാണ് ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.
ലാൻഡ് ട്രാൻസ്‌പോർട്ട്, പോസ്റ്റ് അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദഈൻ പറഞ്ഞു: ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കനുസരിച്ച് തപാൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളിലൊന്നാണ് ഈ പദ്ധതി. വ്യക്തികളും ബിസിനസ്സുകളും ആവശ്യപ്പെടുന്ന രീതിയിൽ കൂടുതൽ സൗകര്യപ്രദവും ലളിതവുമായ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
ഇലക്ട്രോണിക് ലോക്കറുകൾ വഴി ഉപഭോക്താക്കൾക്ക് പോസ്റ്റ് ഓഫിസിൽ പോകാതെ തന്നെ ഏത് സമയത്തും പാഴ്സലുകൾ സുരക്ഷിതമായി സ്വീകരിക്കാൻ കഴിയും. ലോക്കറിന്റെ ലൊക്കേഷനും പ്രത്യേക കോഡും ഉപഭോക്താവിന് അറിയിക്കും. ആ കോഡ് മറ്റൊരാൾക്ക് നൽകി പാഴ്സൽ സ്വീകരിക്കാനും സാധിക്കും. ഇതോടെ ഔദ്യോഗിക സമയം കഴിഞ്ഞാലും ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി പാഴ്സലുകൾ കൈപ്പറ്റാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
സീഫ് മാൾ (സീഫ്, മുഹറഖ്, ഇസ ടൗൺ), മറാസി ഗലേറിയ, ദി അവന്യൂസ്, സൂഖ് അൽ ബറാഹ, ഡ്രാഗൺ സിറ്റി, സാർ മാൾ എന്നിവിടങ്ങളിലാണ് ഇപ്പോൾ ലോക്കറുകൾ സ്ഥാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. അതത് സ്ഥാപനങ്ങളുടെ പ്രവർത്തന സമയങ്ങളിൽ ഉപഭോക്താക്കൾക്ക് ലോക്കറുകൾ ഉപയോഗിക്കാനാകും.
തപാൽ സേവനങ്ങളുടെ ഗുണനിലവാരവും പ്രവർത്തനക്ഷമതയും ഉയർത്തുന്നതിനായി ആധുനികവും സംയോജിതവുമായ തപാൽ സംവിധാനം വികസിപ്പിക്കുകയെന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. കൂടാതെ, തപാൽ, ലോജിസ്റ്റിക് സേവനങ്ങളിൽ ബഹ്‌റൈനെ ഒരു പ്രമുഖ പ്രാദേശിക കേന്ദ്രമാക്കി മാറ്റാനും ഭാവിയിലേക്ക് സജ്ജമായ സേവനങ്ങൾ ഒരുക്കാനുമാണ് ശ്രമമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Bahrain Post Launches Electronic Locker Service













