റായ്പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജ്മദ് മേഖലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ തെലങ്കാനയിലെ കരിംനഗര്‍ ജില്ലയില്‍ നിന്നുള്ള രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി (63), കോസ ദാദ എന്ന കദ്രി സത്യനാരായണ റെഡ്ഡി (67) എന്നിവരാണ് മരിച്ചത്. സുരക്ഷാസേന സ്ഥലത്ത് നിന്ന് മൃതദേഹങ്ങളും ആയുധങ്ങളും കണ്ടെടുത്തു. മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡും (ഡിആര്‍ജി) അതിര്‍ത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുള്ള മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിര്‍ത്തി മേഖലയില്‍ സുരക്ഷാസേനയുടെ ഈ നടപടി നക്‌സലിസത്തിനെതിരായ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സ് പോസ്റ്റില്‍ പറഞ്ഞതനുസരിച്ച്, “നമ്മുടെ സുരക്ഷാസേന നക്‌സലൈറ്റുകള്‍ക്കെതിരെ മറ്റൊരു വലിയ വിജയം നേടിയിരിക്കുന്നു. നാരായണ്‍പൂരിലെ അബുജ്മദില്‍ രണ്ട് നക്‌സല്‍ നേതാക്കളെ വധിച്ചതിലൂടെ, ചുവപ്പ് ഭീകരതയുടെ നട്ടെല്ല് തകര്‍ക്കുന്നതിന് നമ്മുടെ സൈന്യം ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നു.” ഈ ഏറ്റുമുട്ടല്‍ മേഖലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.













